ഉംറ്റിറ്റിയുടെ ഹെഡറിലേറി ഫ്രാന്‍സ് ഫൈനലില്‍; ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുന്നത് 12 വര്‍ഷത്തിന് ശേഷം

ലോകകപ്പില്‍ എതിരില്ലാത്ത ഒരു ഗോളിന് ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫൈനലില്‍. 51ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മെന്റെ കോര്‍ണറില്‍ നിന്ന് സ്പാനിഷ് ക്ലബ് ബാര്‍സിലോനയുടെ താരമായ സാമുവല്‍ ഉംറ്റിറ്റിയാണ് ഹെഡറിലൂടെ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ഉയര്‍ന്നു ചാടിയ ബല്‍ജിയം താരം മൗറോന്‍ ഫെല്ലെനിയുടെ തലയിലുരുമ്മിയാണു പന്തു വലയിലെത്തിയത്. നീണ്ട പന്ത്രണ്ട് കൊല്ലത്തിന് ശേഷമാണ് ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിലെത്തുന്നത്.

15ന് രാത്രി 8.30ന് മോസ്‌കോയിലെ ലുഷ്നികി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍, ഇന്നത്തെ ഇംഗ്ലണ്ട് ക്രൊയേഷ്യ മല്‍സര വിജയികളെ ഫ്രാന്‍സ് നേരിടും. 1998ല്‍ ലോകജേതാക്കളായ ഫ്രാന്‍സ് 2006 നുശേഷം ആദ്യമായാണു ഫൈനലിലെത്തുന്നത്.

ഫ്രാന്‍സ് കോച്ച് ദിദിയേ ദെഷാമിന്റെ തന്ത്രത്തിന്റെ വിജയമാണു കളിയില്‍ കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെറ്റ്പീസില്‍നിന്നു ഗോള്‍ നേടിയശേഷം ഫ്രാന്‍സ് പിന്നീട് ആക്രമണത്തിനു മുതിര്‍ന്നില്ല. സ്വന്തം വലയില്‍ ഗോള്‍ വീഴും വരെ ബല്‍ജിയത്തിന്റെ കാലുകളിലായിരുന്നു കളി. പക്ഷേ, ലോകകപ്പില്‍ ഇതുവരെ ഫ്രാന്‍സ് പ്രദര്‍ശിപ്പിച്ച സെറ്റ്പീസ് വൈദഗ്ധ്യം പ്രകടമായ ഗോളില്‍ ബല്‍ജിയത്തിനു ചുവടുതെറ്റി. ഉംറ്റിറ്റിയെ മാര്‍ക്ക് ചെയ്ത മൗറോന്‍ ഫെല്ലിനിയുടെ പിഴവില്‍നിന്നു കൂടിയായിരുന്നു ഗോള്‍.

എന്നാല്‍, പ്രീക്വാര്‍ട്ടറില്‍ രണ്ടു ഗോളിനു പിന്നില്‍നിന്നശേഷം ജപ്പാനെ മൂന്നു ഗോളടിച്ചു വീഴ്ത്തിയ ആവേശത്തോടെ പൊരുതിയ ബല്‍ജിയത്തെ, ഫ്രാന്‍സ് താരങ്ങള്‍ ഒന്നാകെ സ്വന്തം പകുതിയിലേക്കിറങ്ങി പ്രതിരോധിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular