പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ മാപ്പു പറയാന്‍ തയ്യാറെന്ന് എഡിജിപിയുടെ മകള്‍, ഒത്തു തീര്‍പ്പിന് വഴങ്ങാതെ ഗവാസ്‌കറുടെ കുടുംബം

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം. പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിക്ത അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ ഒത്തു തീര്‍പ്പിന് ഗവാസ്‌കറിന്റെ കുടുംബം തയ്യാറല്ലെന്നാണ് വിവരം.

ജൂണ്‍ 14 നാണ് എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്നു ചൂണ്ടിക്കാട്ടി പൊലീസ് ഗവാസ്‌കര്‍ പൊലീസില്‍ പരാതി നല്‍കിയത്. കനകക്കുന്നില്‍ പ്രഭാത നടത്തത്തിനായി എഡിജിപിയുടെ ഭാര്യയെയും മകളെയും കൊണ്ടുപോയി. അവിടെവച്ച് മകള്‍ മര്‍ദിച്ചുവെന്നുമാണ് ഗവാസ്‌കറുടെ പരാതി. മര്‍ദ്ദനത്തില്‍ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് പരുക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിരുന്നു.

ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ സംഭവത്തില്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. കേസിലെ തെളിവുകള്‍ സ്‌നിക്തയ്ക്ക് എതിരെന്നാണ് സൂചന. ഇതോടെയാണ് എഡിജിപിയുടെ മകള്‍ ഒത്തുതീര്‍പ്പിന് തയ്യാറായതെന്നാണ് സൂചന.

പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഏതു പൗരനും തുല്യമാണ് എഡിജിപിയുടെ മകളുമെന്ന് കോടതി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular