ലൂസിഫറിന്റെ വില്ലന്‍ വിവേക് ഒബ്റോയ്,ലാലേട്ടനൊപ്പം അഭിനയിക്കുന്നത് 16 വര്‍ഷത്തിന് ശേഷം

കൊച്ചി:പൃഥിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫറിലേക്ക് വില്ലനായി എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്റോയ്. ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരാണ് തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിവേക് ഒബ്റോയാണ് വില്ലനെന്ന് സ്ഥിരീകരിച്ചത്. വിവേക് ഒബ്റോയുടെ ആദ്യത്തെ മലയാളം ചിത്രം കൂടിയാണിത്.

വിവേക് ഒബ്റോയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വാര്‍ത്ത പുറത്തുവിട്ടത്. ‘ബോളിവുഡില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത വിവേക് ഒബ്റോയ് ലൂസിഫറിന്റെ ഭാഗമാകുന്നുവെന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്. തന്റെ ആദ്യചിത്രമായ കമ്പനിയില്‍ ലാല്‍ സാറിനൊപ്പം അഭിനയിച്ച അദ്ദേഹം പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ലാല്‍ സാറിനൊപ്പം അഭിനയിക്കുകയാണ്.’ ആന്റണി പെരുമ്പാവൂര്‍ കുറിച്ചു. വിവേക് ഒബ്റോയ് ലൂസിഫറില്‍ വില്ലനായി എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മുരളി ഗോപിയാണ് ലൂസിഫറിന് തിരക്കഥയെഴുതുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിയായി എത്തുന്നത്. ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തും. ജൂലൈ 18 ന് തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

SHARE