പ്രസ്താവന കുറ്റക്കാരെ സഹായിക്കുന്നത്: പി. രാജുവിനെ തള്ളി കാനം രാജേന്ദ്രന്‍

കൊച്ചി: എസ്എഫ്ഐക്കെതിരെ വിമര്‍ശനമുയര്‍ത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പി.രാജുവിന്റെ പ്രസ്താവന അനവസരത്തിലാണെന്നും പാര്‍ട്ടി നിലപാട് വ്യത്യസ്തമാണെന്നും കാനം പ്രതികരിച്ചു.

എസ്എഫ്ഐക്കെതിരായ പി.രാജുവിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യത്യസ്തമാണ്. പി.രാജുവിന്റെ പ്രസ്താവന സിപിഐയുടെ ഔദ്യോഗിക നിലപാടല്ല. കൊല നടത്തിയ തീവ്രവാദികള്‍ക്കെതിരേ ജനവികാരം ഉയരുകയാണ്. അപ്പോള്‍ ഏതെങ്കിലും വിദ്യാര്‍ഥി സംഘടനയുടെ വ്യാകരണപ്പിശക് കണ്ടുപിടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത്തരം പ്രസ്താവനകള്‍ കുറ്റക്കാരെ സഹായിക്കാനേ ഉതകൂ- കാനം പറഞ്ഞു.

കോളജില്‍ ആധിപത്യമുള്ള സംഘടനകള്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കലാലയത്തില്‍ ആധിപത്യമുള്ള വിദ്യാര്‍ഥി സംഘടന മറ്റു പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്തത് ജനാധിപത്യവിരുദ്ധമാണെന്നുമായിരുന്നു പി.രാജുവിന്റെ പരാമര്‍ശം.

Similar Articles

Comments

Advertismentspot_img

Most Popular