സാറെ സ്‌കൂളുണ്ടോ..?… ഉത്തരം സ്‌കൂളുണ്ട്, എവിടെപ്പോകാനാണെന്ന്..! രക്ഷിതാവിനെ പരിഹസിച്ച ഉദ്യോഗസ്ഥന്റെ ‘സ്‌കൂള് പൂട്ടി’

കല്‍പറ്റ: സ്‌കൂളിന് അവധിയുണ്ടോ എന്നറിയാന്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ച രക്ഷകര്‍ത്താവിനെ പരിഹസിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പു തല അന്വേഷണം തുടങ്ങി. സ്‌കൂള്‍ അവിടെത്തന്നെയുണ്ടല്ലോ, സ്‌കൂള്‍ എവിടെപ്പോകാനാ എന്ന കളിയാക്കലാണു ഫോണില്‍ വിവരമറിയാന്‍ വിളിച്ച മാനന്തവാടി വാളാട് സ്വദേശി കട്ടിയാടന്‍ മുഹമ്മദാലിക്കു ലഭിച്ചത്.

മൂന്നു വിദ്യാര്‍ഥികളുടെ പിതാവ് കൂടിയായ മുഹമ്മദലി ഇന്നലെ രാവിലെ ആറരയ്ക്കാണു സ്‌കൂളിന് അവധിയുണ്ടോയെന്നറിയാന്‍ വയനാട് കലക്ടറേറ്റിലേക്കു വിളിച്ചത്. സാറേ ഇന്നു സ്‌കൂള്‍ ഉണ്ടോ എന്നറിയാനാ വിളിച്ചത് എന്നു പറഞ്ഞപ്പോള്‍, സ്‌കൂള്‍ അവിടെത്തന്നെയുണ്ടല്ലോയെന്നു മുഹമ്മദലിയെ പരിഹസിച്ച ഉദ്യോഗസ്ഥന്‍, നിങ്ങള്‍ വിദ്യാഭ്യാസമുള്ള ആളല്ലേ, സ്‌കൂള്‍ ഉണ്ടോ എന്നാണോ, സ്‌കൂളിന് അവധിയുണ്ടോ എന്നല്ലേ ചോദിക്കേണ്ടത് എന്ന ഉപദേശവും കൊടുത്തു.

സംഭാഷണത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ…

മുഹമ്മദലി: സാറെ വാളാട്ന്നാ വിളിക്കുന്നെ, ഇന്ന് സ്‌കൂളുണ്ടാകുമോ എന്താ സ്ഥിതി അറിയാന്‍ വേണ്ടി വിളിച്ചതാ

ഉദ്യോഗസ്ഥന്‍: സ്‌കൂളുണ്ടല്ലോ സ്‌കൂളെവിടെപ്പോകാനാ..!

മുഹമ്മദലി: അതല്ല, പഠനമുണ്ടാകുമോന്നുള്ളതാ

ഉ: ഏ?

മുഹമ്മദല: ഇന്നു പഠിപ്പുണ്ടാകുമോ എന്നറിയാനാ..

ഉ:പഠിപ്പുണ്ടാകും പഠിപ്പുണ്ടാകും… എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കും.

മുഹ: അതെന്താ നിങ്ങള്‍ നിങ്ങളെ വിളിച്ചുചോദിക്കുമ്പോള്‍ സ്‌കൂള്‍ എവിടെപ്പോകാനാ എന്നുള്ള ചോദ്യം ചോദിക്കുന്നെ?

ഉ: അല്ല, സ്‌കൂളുണ്ടോ എന്നു പറയുമ്പോള്‍ പഠിത്തം ഉണ്ടോ എന്ന് ചോദിക്കണ്ടേ നിങ്ങള്‍ വിദ്യാഭ്യാസമുള്ളയാളല്ലേ, പഠിത്തമുണ്ടോ എന്നു ചോദിക്കലല്ലേ… സ്‌കൂള്‍ എവിടെപ്പോകാനാ… (പിന്നീട് പറയുന്നത് വ്യക്തമല്ല)

മുഹ: ഞാനൊരു പഠിപ്പിക്കുന്ന ആളൊന്നുമല്ല, !ഞാനൊരു രക്ഷിതാവ് എന്ന നിലയ്ക്കാണു വിളിച്ചത്

ഉ: അല്ല അതുതന്നെയാണു ചോദിച്ചത്. സ്‌കൂള്‍ അവിടെയുണ്ട്. സ്‌കൂള്‍ ഉണ്ടല്ലോ. സ്‌കൂള്‍ എവിടെപ്പോകാനാ? സ്‌കൂള്‍.. പഠിത്തമില്ല, പഠിത്തമുണ്ട്. പഠിത്തമുണ്ടെങ്കില്‍ ടിവിയിലൊക്കെ അറിയിക്കും.

മുഹ: അല്ല , ഇങ്ങനെയുള്ള മറുപടി തരാനാണോ ഈ നമ്പര്‍ ഞങ്ങള്‍ക്കു വിട്ടുതന്നിട്ടുള്ളത്?

ഉ:അതല്ലേ പറഞ്ഞത്, പിന്നെ ഉണ്ടെങ്കില്‍ അറിയിക്കുമെന്നു പറഞ്ഞില്ലേ?

മുഹ: അല്ല, അതല്ലല്ലോ കലക്ടറേറ്റിലാണ് ഞാന്‍ വിളിച്ചത്. ഒരു ജില്ലയുടെ സിരാകേന്ദ്രത്തിലേക്കാണു ഞാന്‍ വിളിച്ചത്.

ഉ: അതല്ലേ ഞാന്‍ പറഞ്ഞത്, സ്‌കൂളുണ്ടെന്നല്ലേ പറഞ്ഞത്, സ്‌കൂളില്ലാന്നല്ലല്ലോ പറഞ്ഞത്. സ്‌കൂളുണ്ട് എന്നല്ലേ പറഞ്ഞത്.

മുഹ: സ്‌കൂള്‍ അവിടെയുണ്ടല്ലേ, എവിടെപ്പോകാനാണ് എന്നാണു നിങ്ങള്‍ മറുപടി തന്നിട്ടുള്ളത്.

ഉ: അതാ പറഞ്ഞത് ഞാന്‍ പറഞ്ഞത് ടിവിയില്‍ അറിയിക്കും. എന്തെങ്കിലുമുണ്ടെങ്കില്‍ വാര്‍ത്തയില്‍ അറിയിക്കും

മുഹ: നിങ്ങളുടെ പേരൊന്ന്…

(ഫോണ്‍ കട്ട് ചെയ്യുന്നു)

പ്രകൃതിദുരന്തങ്ങള്‍ മൂലം സ്‌കൂളിന് അവധിയുണ്ടെങ്കില്‍ 9207985027 എന്ന നമ്പറിലും വിവരം ലഭിക്കുമെന്നുള്ള വയനാട് കലക്ടറുടെ അറിയിപ്പ് ദൃശ്യ– ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടതിനെത്തുടര്‍ന്നാണ് മുഹമ്മദലി ഫോണ്‍ വിളിച്ചത്. സംഭാഷണത്തിനൊടുവില്‍ ഉദ്യോഗസ്ഥന്റെ പേര് ചോദിച്ചപ്പോള്‍ ഒറ്റയടിക്കു ഫോണ്‍ വയ്ക്കുകയും ചെയ്തു. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത മുഹമ്മദലി ഇതു പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

ഫോണെടുത്ത ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം അതീവഗൗരവത്തോടെയാണു കാണുന്നതെന്നും ഇദ്ദേഹത്തെ കണ്ടെത്തി ഉടന്‍ തന്നെ നടപടിയെടുക്കുമെന്നും കലക്ടറുടെ ഓഫിസ് അറിയിച്ചു. റവന്യു, പൊലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണു ടെലിഫോണ്‍ ഓപ്പറേറ്റര്‍ ഡ്യൂട്ടിക്കെത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular