നിഷ സാരംഗിന്റെ പരാതി ഒത്തുതീര്‍പ്പിലേക്ക്; ഒടുവില്‍ ചാനല്‍ അധികൃതര്‍ വഴങ്ങി; സംവിധായകനെ മാറ്റിയെന്ന് സൂചന

കൊച്ചി: സീരിയല്‍ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്ന നടി നിഷ സാരംഗിന്റെ പരാതി ഒത്തുതീര്‍പ്പിലേക്ക്. സംവിധായകനെ മാറ്റാന്‍ തീരുമാനിച്ചതായി ചാനല്‍ അധികൃതര്‍ അറിയിച്ചെന്നും അതിനാല്‍ തുടര്‍ന്നും ആ സീരിയലില്‍ അഭിനയിക്കുമെന്നും നിഷ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ ‘ഉപ്പും മുളകും’ എന്ന സീരിയലിന്റെ സംവിധായകനെതിരെയാണ് അതിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ പരാതി നല്‍കിയത്. മൂന്നു വര്‍ഷം പിന്നിട്ട സീരിയലിന്റെ തുടക്കകാലം മുതല്‍ സംവിധായകന്‍ ദുരുദ്ദേശ്യത്തോടെ സമീപിച്ചിരുന്നതായി നിഷ പറയുന്നു. മെസേജുകള്‍ അയച്ചായിരുന്നു തുടക്കം. പിന്നീടു നേരിട്ടും മോശമായി പെരുമാറുന്നതു തുടര്‍ന്നപ്പോള്‍ ചാനല്‍ അധികൃതരോടു പറയുകയും അവര്‍ അയാളെ താക്കീതു ചെയ്യുകയും ചെയ്തു.

പിന്നീട് പ്രതികാരബുദ്ധിയോടെ സംവിധായകന്‍ പെരുമാറുകയായിരുന്നു. അനുമതിയോടെ അമേരിക്കയില്‍ പോയി തിരികെ എത്തിയ ശേഷം സീരിയലില്‍നിന്ന് ഒഴിവാക്കാനും ശ്രമം നടത്തി. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതിനാല്‍ എല്ലാം സഹിച്ചു തുടരുകയായിരുന്നുവെന്നു നിഷ പറഞ്ഞു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി നിഷയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലും നിഷയ്ക്കു പിന്തുണ നല്‍കുമെന്നു വ്യക്തമാക്കി. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനിടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നിഷയോടു കയര്‍ത്തു സംസാരിച്ചതിനെത്തുടര്‍ന്നു നിഷ കരഞ്ഞതു വിവാദമായിരുന്നു. അവാര്‍ഡ് നേടിയവരെ ആദരിച്ചപ്പോള്‍ ടിവി സീരിയലിലെ മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നിഷയുടെ പേരു ഒഴിവാക്കിയിരുന്നു.

നിഷയ്ക്കും അവാര്‍ഡുണ്ടെന്നു മഞ്ജു പിള്ള വിളിച്ചു പറയുകയായിരുന്നു. ഇതൊക്കെ നേരത്തേ പറഞ്ഞുകൂടായിരുന്നോ എന്നു ബാബു ചോദിച്ചതോടെ നിഷ കരയുകയും ചെയ്തു. പിന്നീടു നിഷയെയും ആദരിച്ചു. ആശയ വിനിമയത്തില്‍ സംഭവിച്ച പിഴവാണിതെന്നായിരുന്നു ഇതു സംബന്ധിച്ചു മോഹന്‍ലാലിന്റെ വിശദീകരണം.

Similar Articles

Comments

Advertismentspot_img

Most Popular