ഓണക്കാലത്ത് കേരളത്തെ കാത്തിരിക്കുന്നത് വന്‍ വിഷമദ്യദുരന്തം!!! മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

മലപ്പുറം: മലപ്പുറത്തും കോഴിക്കോടും വിഷമദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് എക്സൈസ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഓണക്കാലത്തിന് മുമ്പ് വ്യാജക്കള്ള് എത്തിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നതായാണ് മുന്നറിയിപ്പ്. മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്‍ കള്ളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കേരളത്തെ നടുക്കി ഓണക്കാലത്ത് വിഷമദ്യ ദുരന്തം ഉണ്ടാവാമെന്നാണ് റിപ്പോര്‍ട്ട്. ബിനാമി പേരുകളിലുളള ഷാപ്പുകളില്‍ വ്യാജമദ്യം എത്തിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നതായാണ് കണ്ടെത്തല്‍. പുതിയ മദ്യനയത്തെ തുടര്‍ന്ന് മലപ്പുറത്ത് 197 കള്ളുഷാപ്പുകളും തുറന്നിരുന്നു. ഇതില്‍ ഭൂരിഭാഗവും ബിനാമി പേരിലാണ്. യഥാര്‍ത്ഥ നടത്തിപ്പുകാര്‍ പിന്നില്‍ നിന്ന് ഷാപ്പിലെ ജീവനക്കാരുടേയോ ഡ്രൈവര്‍മാരുടേയോ പേരിലാക്കിയാണ് കള്ളുഷാപ്പുകള്‍ നടത്തുന്നത്. വിഷമദ്യ ദുരന്തം ഉണ്ടായാലും കേസില്‍ നിന്ന് നടത്തിപ്പുകാര്‍ക്ക് എളുപ്പത്തില്‍ ഊരിപ്പോവാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ വ്യാജമദ്യം ഒഴുക്കുന്നതില്‍ പേടിയും കാണിക്കാറില്ല.

മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ വ്യാജമദ്യം പിടിച്ചതില്‍ നേരത്തേ കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതില്‍ കൂടുതല്‍ നടപടികള്‍ എടുത്തിരുന്നില്ല. എട്ട് വര്‍ഷം മുമ്പ് മലപ്പുറത്ത് വിഷമദ്യ ദുരന്തം ഉണ്ടായിരുന്നു. മായംചേര്‍ത്ത കള്ളുകുടിച്ച് 26 പേര്‍ മരിക്കുകയും എട്ടുപേര്‍ക്കു കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. 2010 സെപ്റ്റംബറില്‍ മലപ്പുറം, തിരൂര്‍, കുറ്റിപ്പുറം, കാളിക്കാവ് മേഖലകളിലെ ഷാപ്പുകളിലാണ് ദുരന്തം ഉണ്ടായത്. ബിനാമികളുടെ നിയന്ത്രണത്തിലാണ് കള്ളുഷാപ്പുകളെന്ന് 2010 ഓഗസ്റ്റ് 20ന് ഇന്റ്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല.

Similar Articles

Comments

Advertismentspot_img

Most Popular