സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും പീഡനങ്ങള്‍ തടയാനാകില്ലെന്ന് ബി.ജെ.പി എം.എല്‍.എ

ലക്നൗ: സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും പീഡനസംഭവങ്ങള്‍ തടയാനാകില്ലെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്രസിങ്. രാജ്യത്തെ ഭരണഘടനക്കും ബലാത്സംഗസംഭവങ്ങളെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നാവോയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് എം.എല്‍.എയുടെ വിവാദപരാമര്‍ശം.

‘ശ്രീരാമന്‍ വിചാരിച്ചാലും ബലാത്സംഗസംഭവങ്ങള്‍ തടയാനാകില്ല. അത്തരം സംഭവങ്ങള്‍ സമൂഹത്തെ മലിനമാക്കുന്നു. സമൂഹത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമെ ഇതിനൊരു മാറ്റം വരൂ, രാജ്യത്തെ ഭരണഘടനക്കും ബലാത്സംഗസംഭവങ്ങളെ തടയാനാകില്ല. കുറ്റവാളികളെ അഴിക്കുള്ളിലാക്കാമെന്ന് മാത്രമെ ഉള്ളൂ’. സുരേന്ദ്രസിങ് പറഞ്ഞു.

അതേസമയം പരാമര്‍ശത്തെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് ബി.ജെ.പി വക്താവ് രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ഉയര്‍ന്ന മൂല്യങ്ങള്‍ വേണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് രാകേഷ് ത്രിപതി വിശദീകരിച്ചു. മുമ്പും സുരേന്ദ്രസിങ് ഇത്തരത്തില്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തി വിവാദത്തില്‍പ്പെട്ടിരുന്നു. നേരത്തെ താജ് മഹലിന്റെ പേരുമാറ്റി രാം മഹല്‍ എന്നാക്കണമെന്ന പരാമര്‍ശം വലിയ പ്രതിഷേധത്തിടയാക്കിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ശൂര്‍പ്പണകയോടാണ് എം.എല്‍.എ ഉപമിച്ചത്. കൂട്ടബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെംഗാറിനെ പിന്തുണച്ചും സുരേന്ദ്രസിങ് രംഗത്തെത്തിയിരുന്നു.

എം.എല്‍.എയുടെ പരാമര്‍ശത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. നേരത്തെ ലോകത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത രാജ്യം ഇന്ത്യയാണെന്ന് ആഗോള സര്‍വ്വേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. കലാപബാധിത പ്രദേശങ്ങളായി അറിയപ്പെടുന്ന അഫ്ഗാനിസ്ഥാനിലും സിറിയയിലും സത്രീകള്‍ ഇന്ത്യയിലേക്കാള്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീകള്‍ക്ക് നേരേയുള്ള ലൈംഗിക പീഡനവും, അടിമപ്പണിയും ഇപ്പോഴും രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular