ക്യാപ്റ്റന്‍ കൂളിന് ഇന്ന് ജന്മദിനം; ആഘോഷമാക്കി സഹതാരങ്ങളും കുടുംബവും

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയ്ക്ക് ഇന്ന് 37ാം ജന്മദിനം. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലെത്തേയും മികച്ച ക്യപ്റ്റന്‍ ധോണിയുടെ പിറന്നാള്‍ ആഘോഷപൂര്‍വ്വമാണ് കുടുംബവും സഹതാരങ്ങളും കൊണ്ടാടിയത്. ധോണിയുടെ പിറന്നാള്‍ ദിനത്തില്‍ ആദ്യം ആശംസയയച്ചത് താരത്തിന്റെ കൂടെ നിഴലായി നില്‍ക്കുന്ന ഭാര്യ സാക്ഷി ധോണിയാണ്. ‘ഹാപ്പി ബര്‍ത്ഡേ ധോണി! പത്ത് വര്‍ഷം ഞാന്‍ നിന്നില്‍ നിന്നും ഒരുപാട് പഠിച്ചു. നിങ്ങളെ കുറിച്ച് പറയാന്‍ വാക്കുകളില്ല. എന്റെ ജീവിതത്തില്‍ സന്തോഷം മാത്രം തന്നതിന് നന്ദി മഹി’ സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

ഇന്ത്യന്‍ ടീമംഗങ്ങള്‍ പിറന്നാള്‍ പാട്ട് പാടുന്നതിനിടെ കേക്കിലെ മെഴുകുതിരികള്‍ ധോണി ഊതി അണക്കുന്നതിന്റെയും, കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരം തോറ്റ് പരമ്പര 1-1 ന് സമനിലയിലായ ശേഷമായിരുന്നു ധോണിയുടെ പിറന്നാള്‍ ആഘോഷം നടന്നത്. ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്ലിയും അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നു.

സഹപ്രവര്‍ത്തകരുടെ കൂടെ പിറന്നാള്‍ ആഘോഷിക്കുന്ന ധോണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ സുരേഷ് റെയ്ന പങ്കുവെച്ചു. വീരേന്ദര്‍ സെവാഗ് താരത്തിന് ട്വിറ്ററിലൂടെ ജന്മദിനാശംസകള്‍ അയച്ചു. ആരാധകരും ധോണിക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നു.

ഇന്നലെയും തകര്‍പ്പന്‍ ഫോമിലായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ ബാറ്റ് വീശിയത്. 24 പന്തില്‍ നിന്ന് 32 റണ്‍സ് നേടി അദ്ദേഹം. ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ ആയ 148 ലേക്ക് എത്തിയത് അവസാന ഓവറുകളിലെ ധോണിയുടെ അപരാജിത ഇന്നിംഗ്സിന്റെ കരുത്തിലാണ്. അതേസമയം 41 പന്തില്‍ 58 റണ്‍സ് നേടിയ അലക്സ് ഹെയ്ല്‍സിന്റെ കരുത്തില്‍ രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയം കണ്ടു.

SHARE