അഭിമന്യൂവിന്റെ കൊലയാളിയെ തിരിച്ചറിഞ്ഞു; നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍, പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടും

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കൊന്നയാളെ തിരിച്ചറിഞ്ഞു. കേസില്‍ എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ നാല് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമോയെന്ന കാര്യത്തില്‍ നിയമോപദേശം തേടും. ഐജിയുമായും കമ്മീഷണറുമായും ചര്‍ച്ച നടത്തുമെന്നും ഡിജിപി പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കൊല ആസൂത്രിതമാണെന്ന് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ ആരോപിച്ചു. അഭിമന്യുവിനെ വട്ടവടയില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. കോളെജിലെത്തി അരമണിക്കൂറിനകം കൊലപാതകം നടന്നു. കുറ്റക്കാരെ ഉടന്‍ പിടികൂടി പരമാവധി ശിക്ഷ നല്‍കണമെന്ന് മനോഹര്‍ പറഞ്ഞു.

അതേസമയം അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ടു എസ്ഡിപിഐയുടെ സംസ്ഥാന, ജില്ലാ നേതാക്കളെയടക്കം പൊലീസ് കരുതല്‍ തടങ്കലിലെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 138 പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍. ആലപ്പുഴയിലെ എസ്ഡിപിഐ സ്വാധീന മേഖലകളില്‍ പ്രതികള്‍ ഒളിവില്‍ കഴിയാന്‍ ശ്രമിച്ചേക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തിയത്. ജില്ലയില്‍ നിന്നു കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സംശയമുള്ളവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. മുന്‍പു സമാന സംഭവങ്ങളില്‍ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റടക്കം മൂന്നു പേരെ കരുതല്‍ തടങ്കലില്‍ വച്ചതിനെത്തുടര്‍ന്നു പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാത്രി മുഴുവനും ഇന്നലെ ഉച്ച വരെയും ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു നടത്തി. കസ്റ്റഡിയില്‍ എടുത്തവരുടെ പൊന്നാടും മണ്ണഞ്ചേരിയിലുമുള്ള വീടുകളില്‍ പൊലീസ് ഇന്നലെ ഉച്ചയോടെ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്നു മൂന്നു പേരെയും ഇന്നലെ വൈകിട്ട് ഏഴോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കോതമംഗലത്ത് 14 പേര്‍ പിടിയിലായി. കോതമംഗലം, പോത്താനിക്കാട് പോലീസ് സ്റ്റേഷനുകളില്‍ അഞ്ചുപേര്‍ വീതവും ഊന്നുകല്‍ സ്റ്റേഷനില്‍ നാലു പേരുമാണ് അറസ്റ്റിലായത്. പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതികളും ഇതില്‍ ഉള്‍പ്പെടുന്നു. ചോദ്യംചെയ്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

മൂവാറ്റുപുഴയില്‍ 18 എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. ഇതില്‍ ഒരാള്‍ കൈവെട്ട് കേസിലെ പ്രതിയാണ്. കൈവെട്ട് കേസിലെ 13 പേരും പോലീസ് അന്വേഷണത്തിലാണ്. ഇവരെ ബുധനാഴ്ച പോലീസ് അന്വേഷിച്ച് വീടുകളിലും ജോലിസ്ഥലങ്ങളിലും എത്തിയിരുന്നു. പേഴക്കാപ്പിള്ളിയിലെ ഒരു പ്രതിയെ എന്‍.ഐ.എ. കോടതിയുടെ ഉത്തരവുള്ളതിനാല്‍ പിടിച്ചിട്ടില്ല. മൂവാറ്റുപുഴ നഗരസഭാ പരിധിയില്‍ പ്രവേശിക്കാന്‍ ഇയാള്‍ക്ക് വിലക്കുണ്ട്. ഇതിനിടെ പോലീസിന്റെ രഹസ്യനീക്കങ്ങള്‍ അപ്പോള്‍ തന്നെ എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തെയും പ്രവര്‍ത്തകരെയും അറിയിക്കുന്നവിധത്തിലുള്ള രഹസ്യം ചോര്‍ത്തലും നടക്കുന്നതായും ആക്ഷേപമുണ്ട്. പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പെരുമ്പാവൂര്‍ പൊലീസ് സബ്ഡിവിഷന്‍ പരിധിയില്‍ 17 പേരെ കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരില്‍ നിന്ന് അഞ്ചും കുറുപ്പംപടിയില്‍ നിന്ന് മൂന്നും പേരും പിടിയിലായി. തടിയിട്ടപറമ്പ്, കുന്നത്തുനാട് പോലീസ് സ്റ്റേഷനുകളിലാണ് മറ്റുള്ളവര്‍. ഇവര്‍ക്കെതിരേ കേസെടുത്തിട്ടില്ല. എസ്.ഡി.പി.ഐ. പ്രവര്‍ത്തകനും ആലുവ കീഴ്മാട് പഞ്ചായത്തംഗവുമായ തോട്ടുംമുഖം മുള്ളന്‍കുഴി കുന്നശ്ശേരി പള്ളം കെ.എം. അബുവിനെയും പൊലീസ് കരുതല്‍ തടങ്കലിലാക്കി.

പറവൂര്‍ സി.ഐയുടെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ നിന്ന് ആറ് പേരെയാണ് വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം വൈകീട്ടോടെ വിട്ടയച്ചു. വടക്കേക്കരയില്‍ പുതിയകാവില്‍ നിന്ന് ഒരു യുവാവിനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇടുക്കിയില്‍ എസ്ഡിപിഐപോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായ 68 പേരെ കരുതല്‍ തടങ്കലിലെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടതായി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാല്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular