ആഡംബര വീട്ടിലെ കള്ളനോട്ടടി പൊലീസ് കുടുക്കിയത് ഇങ്ങനെ…

കൊല്ലം: കള്ളനോട്ട് ഉണ്ടാക്കിയ സംഭവത്തില്‍ സീരിയല്‍ നടിയും അമ്മയും സഹോദരിയും കുടുങ്ങിയത് പൊലീസിന്റെ ദിവസങ്ങളായുള്ള നീക്കത്തിനൊടുവില്‍. മനയില്‍കുളങ്ങര ഗവ.വനിതാ ഐടിഐയ്ക്കു സമീപം ഉഷസില്‍ ഉഷ ശശിയും സീരിയല്‍ നടിയായ മകള്‍ സൂര്യ, സഹോദരി ശ്രുതി എന്നിവരെയാണ് ഇടുക്കി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഏതാനും ദിവസമായി പൊലീസ് മഫ്തിയില്‍ വീടിന്റെ പരിസരത്തുണ്ടായിരുന്നു.

വീട്ടില്‍ പൊലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ 500 രൂപ നോട്ടിന്റെ 57 ലക്ഷത്തിന്റെ കള്ളനോട്ട് നിര്‍മാണം പുരോഗമിക്കുകയായിരുന്നു. ഏഴുകോടി രൂപ നിര്‍മിക്കാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു. തിങ്കള്‍ രാത്രിയാണു വനിതാ പൊലീസ് ഉള്‍പ്പെട്ട സംഘം പരിശോധനയ്ക്കായി വീട്ടില്‍ കയറിയത്. ഉഷ മാത്രമാണ് ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ കള്ളനോട്ട് പ്രിന്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പേപ്പറിന്റെ കെട്ടുകള്‍, യന്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. പരിശോധനാവിവരം രാവിലെയാണ് പരിസരവാസികള്‍ അറിഞ്ഞത്. ഇതോടെ വീടിനു മുന്നില്‍ വലിയ ആള്‍ക്കൂട്ടമായി.

രാവിലെ ഒന്‍പതരയോടെയാണ് ഉഷയെ ഇടുക്കി പൊലീസ് കൊണ്ടുപോയത്. കൊല്ലം വെസ്റ്റ് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. കൂറ്റന്‍ ഇരുനില വീടാണ് ഉഷയുടേത്. വളരെ ഉയരത്തില്‍ ചുറ്റുമതിലും. മതിലിനു മുകളില്‍ ആണികള്‍ പാകിയിട്ടുണ്ട്. ഉഷയ്ക്കും കുടുംബത്തിനും അയല്‍വാസികളുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ല.

വട്ടവടയില് കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില് 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള് പിടിച്ചെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില് നിന്നാണ് കൊല്ലത്താണ് കള്ളനോട്ടുകള് അച്ചടിക്കുന്നെന്ന വിവരം പോലീസിനു ലഭിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഇടുക്കിയില്‍ നിന്നുള്ള അന്വേഷണ സംഘം കൊല്ലത്തെ വീട്ടില്‍ പരിശോധന നടത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular