സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സ്വീഡന്‍ ക്വാര്‍ട്ടറില്‍, വിജയം എതിരില്ലാത്ത ഒരു ഗോളിന്

സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സ്വീഡന്‍. എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സ്വീഡന്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു.

തുടര്‍ച്ചയായി പാഴാക്കിയ അവസരങ്ങള്‍ക്കുശേഷം 66 -ാം മിനിറ്റിലാണ് സ്വീഡന്‍ വിജയ ഗോള്‍ നേടിയത്. സ്വിറ്റ്സര്‍ലന്‍ഡ് ബോക്സിനു പുറത്ത് ടൊയ്വൊനനില്‍നിന്ന് പന്തുകിട്ടിയ ഫോര്‍സ്ബര്‍ഗിന്റെ തകര്‍പ്പന്‍ ഷോട്ട് സ്വിസ് വല ചലിപ്പിക്കുകയായിരുന്നു. പ്രതിരോധിക്കാനുള്ള സ്വിസ് താരത്തിന്റെ ശ്രമത്തിനിടെ കാലില്‍ത്തട്ടി ഗതിമാറി പന്ത് വലയില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ സ്വീഡന് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിച്ചുവെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. സ്വിസ് ഗോള്‍ മുഖം ലക്ഷ്യമാക്കി മുന്നേറിയ സ്വീഡന്‍ താരത്തെ ഫൗള്‍ ചെയ്ത വീഴ്ത്തിയതിന് റഫറി ഫ്രീകിക്ക് വിധിക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍ രഹിത സമനിലയിലാണ് പിരിഞ്ഞത്. ഇരു ടീമുകളും ആക്രമിച്ച് കളിച്ച മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനായിരുന്നു മുന്‍തൂക്കം. ഷാക്കീരിയും ഷാക്കയും സ്വീഡന്‍ ഗോള്‍ മുഖത്തേയ്ക്ക് ഇരച്ചുകയറുന്നതാണ് ആദ്യപകുതിയില്‍ കണ്ടത്. എന്നാല്‍ ലക്ഷ്യം കാണുന്നതില്‍ ഇരുവരും പരാജയപ്പെട്ടു.

കളിയുടെ ആദ്യപകുതിയില്‍ ഇരുടീമുകളും അവസരങ്ങള്‍ ഗോളാക്കുന്നതിനു പകരം പാഴാക്കുന്നതിനാണ് മത്സരിച്ചത്. കളത്തില്‍ ആധിപത്യം സ്വിറ്റ്സര്‍ലന്‍ഡിനു തന്നെയാണെങ്കിലും ബോക്സിനു മുന്നില്‍ സ്വിസ് താരങ്ങള്‍ ലക്ഷ്യം മറന്നാണ് കളിച്ചത്. ആദ്യ പകുതിയില്‍ ആക്രമണങ്ങളില്‍ മികച്ചുനിന്നത് സ്വീഡനാണ്. മത്സരത്തിന്റെ ആദ്യ പത്തുമിനിറ്റില്‍ രണ്ടു സുവര്‍ണാവസരങ്ങളാണ് സ്വിസ് മുന്നേറ്റനിരയ്ക്ക് ലഭിച്ചത്. എന്നാല്‍ അതെല്ലാം പാഴാക്കുകയായിരുന്നു.

SHARE