ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ ജോലി പോകും; കാരണം, ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ്

ചണ്ഡിഗഡ്: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാല്‍ ഇന്ത്യന്‍ വനിതാ ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ജോലി അനിശ്ചിതത്വത്തില്‍. പഞ്ചാബ് പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റായ ഹര്‍മന്‍പ്രീതിനെ സ്ഥാനത്തുനിന്നു മാറ്റിയേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. നേരത്തെ, റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ഹര്‍മന്‍പ്രീത് ഈ ജോലി രാജിവച്ചാണ് പഞ്ചാബ് പോലീസില്‍ ചേര്‍ന്നത്.

പഞ്ചാബിലെ മോഗ സ്വദേശിയായ ഹര്‍മന്‍പ്രീത്, മീററ്റിലെ ചൗധരി ചരണ്‍സിംഗ് സര്‍വകലാശാലയില്‍നിന്നു ബിരുദം പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റാണു ജോലി ലഭിക്കുന്നതിനായി സര്‍ക്കാരിനുമുന്നില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ സൂക്ഷ്മപരിശോധനയില്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നു കണ്ടെത്തി. ഹര്‍മന്‍പ്രീത് തങ്ങളുടെ വിദ്യാര്‍ഥിയായിരുന്നില്ലെന്നു സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ കൈയിലാണ് ഇപ്പോള്‍ ഈ ഫയല്‍. വേണ്ടത്ര യോഗ്യതയില്ലാത്തതിനാല്‍ ഹര്‍മന്‍പ്രീതിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടേക്കുമെന്നാണു സൂചന. എന്നാല്‍ഹര്‍മന്‍പ്രീതിന്റെ കുടുംബാംഗങ്ങള്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഉണ്ടായത്.

Similar Articles

Comments

Advertismentspot_img

Most Popular