മൃതദേഹങ്ങളുടെയെല്ലാം കണ്ണ് കെട്ടിയിരിന്നു, വായില്‍ ടേപ്പ് വച്ച് ഒട്ടിച്ചിരിന്നു; ഒരു കുടുംബത്തിലെ 11 പേരുടെ മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമെന്ന നിഗമനത്തില്‍ പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം ബുരാരിയില്‍ നടന്നത്. ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തീര്‍ച്ചപ്പെടുത്താനാകാതെ ആശങ്കയിലാണ് പൊലീസ്. കുടുംബത്തിലെ എല്ലാം അംഗങ്ങളും ഒരുമിച്ച് ജീവനൊടുക്കാന്‍ തക്കവണ്ണം എന്തായിരുന്നു ഈ കുടുംബത്തില്‍ സംഭവിച്ചതെന്ന് അറിയാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബന്ധുക്കളും അയല്‍വാസികളുമെല്ലാം. അയല്‍വാസികളുമായി നല്ല അടുപ്പമാണ് കുടുംബത്തിന്. തലേന്ന് രാത്രി 11 വരെ കുട്ടികള്‍ മുറ്റത്ത് ക്രിക്കറ്റ് കളിക്കുന്നത് കണ്ടവരുണ്ട്. ഇതിന് ശേഷം എന്താണ് കുടുംബത്തില്‍ നടന്നതെന്നാണ് ആര്‍ക്കും മനസിലാകാത്തത്.

കുടുംബത്തിലെ യുവതിയുടെ വിവാഹം അടുത്തുതന്നെ നടക്കാനിരിക്കെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയില്‍ ഇരുമ്പുഗ്രില്ലില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തു നിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എഴുതിയിരിക്കുന്നതു പ്രകാരണമാണു മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. ചില പ്രത്യേകതരം എഴുത്തും മറ്റും ഇതില്‍ കണ്ടതോടെയാണു സംശയം ദുര്‍മന്ത്രവാദത്തിലേക്കു മാറിയതെന്നു പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തു നിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. മരിച്ചവരുടെ കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങള്‍ കണ്ട സാഹചര്യത്തിലാണു കൊലപാതകത്തിനു പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുരാരി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. എല്ലാ ദിവസവും രാവിലെ ആറിനു തന്നെ പലചരക്കു കട തുറക്കും. രാത്രി തെരുവിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ കട അടയ്ക്കാറുള്ളൂ. അത്യാവശ്യക്കാര്‍ക്കു വേണ്ടി എപ്പോള്‍ വേണമെങ്കിലും കട തുറക്കാനും തയാറായിരുന്നു.

എന്നാല്‍ ഞായറാഴ്ച രാവിലെ ഏഴരയായിട്ടും കട തുറക്കാതായതോടെയാണു അയല്‍വാസികള്‍ക്കു സംശയം തോന്നിയത്. ഗേറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. അയല്‍ക്കാരിലൊരാള്‍ രണ്ടാം നിലയിലേക്കു കയറിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ അറിയിച്ചു.കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.

പത്തു പേരെ കൊലപ്പെടുത്തിയ ശേഷം പതിനൊന്നാമത്തെയാള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണു കരുതുന്നത്. ആരുടെയും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലെ പണവും സുരക്ഷിതമാണ്. അപരിചിതരെ കണ്ടാല്‍ വീട്ടിലെ കാവല്‍ നായ കുരയ്ക്കുന്നതു പതിവാണ്. എന്നാല്‍ സംഭവം നടന്ന ശനിയാഴ്ച രാത്രി നായയുടെ കുര ആരും കേട്ടിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഇതും വീട്ടിനകത്തു തന്നെയുള്ളയാളാണു കൊലപാതകത്തിനു പിന്നിലെന്ന സംശയം ശക്തമാകാന്‍ ഇടയായി.

അതേസമയം സംഭവത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമാണെന്ന നിഗമനത്തിലാണ് പോലീസ്. 10 മൃതദേഹങ്ങള്‍ വാതിലിന്റെ ഗ്രില്ലില്‍ തൂങ്ങിയ നിലയിലും ഒരെണ്ണം കഴുത്തു ഞെരിച്ച നിലയില്‍ നിലത്തുമായിരുന്നു. തൂങ്ങി കിടന്ന മൃതദേഹങ്ങളുടെയും കഴുത്തു ഞെരിച്ചിരുന്നു. ഇതോടെ കൊലപാതകമാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular