വരും ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ട നടിമാരുടെ ലിസ്റ്റ് സംവിധായകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നു; അവസരങ്ങള്‍ നഷ്ടപ്പെട്ടാലും നിലപാടില്‍ മാറ്റമില്ലെന്ന് സജിതാ മഠത്തില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ മലയാള സിനിമ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുത്തതില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തിരിന്നു. ഇതില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും വനിതാ അംഗങ്ങള്‍ രാജിവെച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ വരും ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ട നടിമാരുടെ പട്ടിക സംവിധായകരുടെയും നിര്‍മാതാക്കളുടെയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സജിത മഠത്തില്‍.

ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന പട്ടികയിലുള്ള എല്ലാ നടിമാരും ഡബ്ല്യു.സി.സി അംഗങ്ങളാണെന്നും സജിത മഠത്തില്‍ പറയുന്നു. അവസരങ്ങള്‍ നഷ്ടപ്പെടുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് നിലപാടിലുറച്ച് ഇപ്പോഴും പ്രതിഷേധിക്കുന്നത്. ചാവേര്‍ സ്വഭാവമുള്ള സംഘടനയാണ് ഡബ്ല്യൂ.സി.സി എന്നും അവര്‍ പറഞ്ഞു.

ഈ കൂട്ടായ്മ രൂപികരിച്ചതിന്റെ പേരില്‍ സംഘടനയില്‍ നിന്നും സിനിമയില്‍ നിന്നും നിരവധി അവഗണനകള്‍ നേരിട്ട അംഗങ്ങള്‍ ഉണ്ട്. ഇത്തരം സാഹചര്യങ്ങളെ കൂട്ടായി തന്നെ നേരിടും. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവങ്ങളില്‍ ഒന്നായിരുന്നു ഡബ്ല്യു.സി.സിയുടെ രൂപീകരണം.

അറുപതിനും എഴുപതിനും ഇടയില്‍ അംഗങ്ങളാണ് സംഘടനയില്‍ ഇപ്പോള്‍ ഉള്ളത്. സ്ത്രീകള്‍ സ്വന്തം സ്ഥാനം നേടിയെടുക്കാന്‍ വേണ്ടി നടത്തുന്ന ഈ പോരാട്ടം അത്രസുഖകരമാവില്ലെന്ന് അറിയാമെന്നും അവര്‍ പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ,സജിത മഠത്തില്‍ വ്യക്തമാക്കി.

അതേസമയം ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായാണെന്നും എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയാറാണെന്നും അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മയാണ്. അവള്‍ക്കൊപ്പമാണ് അമ്മ. നിക്ഷിപ്ത താല്‍പര്യങ്ങള്‍ അമ്മയ്ക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലണ്ടനില്‍ നിന്നാണ് മോഹന്‍ലാല്‍ വിശദീകരണം അറിയിച്ചത്.

അതേസമയം, ദിലീപിനെ പുറത്താക്കിയത് മുഖം രക്ഷിക്കല്‍ നടപടി മാത്രമെന്ന് തെളിഞ്ഞുവെന്നും തങ്ങള്‍ നടിക്കൊപ്പമാണെന്നും പറഞ്ഞ് നൂറോളം സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവന പുറത്തുവന്നു. ഞങ്ങളുടെ സുഹൃത്ത് ഇരയല്ലെന്നും സമൂഹത്തിന് മാതൃകയായ ധീരവനിതയെന്നും പ്രസ്താവനയില്‍ പറയുന്നു.

സംഘടനയുടേത് സ്ത്രീവിരുദ്ധ നടപടിയാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സംഘടനയില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഇവര്‍ സംഘടനയില്‍ തുടരുന്നത് സ്ത്രീവിരുദ്ധ നടപടികളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. അലന്‍സിയര്‍, വിനായകന്‍, ആഷിഖ് അബു, അമല്‍ നീരദ് ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.

ഇതിനിടെ, ‘അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് പേര്‍ മത്സരിക്കാനൊരുങ്ങിയിരുന്നുവെന്നും എന്നാല്‍ ഒരു കൂട്ടത്തെ മുന്‍കൂട്ടി ആരോ തീരുമാനിച്ചെന്നും ഡബ്ല്യുസിസി ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular