മുഖ്യമന്ത്രി പിണറായി വിജയന് അധിക സുരക്ഷ നല്‍കേണ്ടതില്ലെന്ന് ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അധിക സുരക്ഷ സംവിധാനം നല്‍കേണ്ടതില്ലെന്ന് ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. നിലവില്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കി വരുന്ന സെഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രം മതിയെന്നാണ് ഡി.ജി.പിയ്ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

അതേസമയം സുരക്ഷയ്ക്ക് കൂടുതലുള്ള പൊലീസുകാരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ തിരിച്ചയച്ചിട്ടുണ്ട്. പൊലീസിലെ ദാസ്യപ്പണി വിവാദങ്ങള്‍ വാര്‍ത്തയായ സാഹചര്യത്തിലാണ് നേതാക്കളുടെ ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോട്ടയത്ത് പ്രണയിച്ചതിന്റെ പേരില്‍ ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ച സമയത്ത് മുഖ്യമന്ത്രിയ്ക്ക് ഏകദേശം 350 ലധികം പൊലീസുകാരെ കോട്ടയത്ത് നടന്ന പരിപാടിയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഇതിനെതിരെ കനത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വെട്ടിച്ചുരുക്കാന്‍ നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്. നിലവില്‍ സെഡ് പ്ലസ് കാറ്റഗറിയില്‍ ഉള്ള സുരക്ഷ സംവിധാനം തുടരുന്നതാണ്. ഈ സുരക്ഷ സംവിധാനത്തില്‍ ഏകദേശം നാല്‍പ്പതിലധികം പേരാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ മൂന്നു ഷിഫ്റ്റുകളിലായി 12 പൊലീസുകാരാണ് സെഡ് പ്ലസ് കാറ്റഗറി സംവിധാനത്തില്‍ മുഖ്യമന്ത്രിയ്ക്ക് സുരക്ഷ നല്‍കാന്‍ നിയോഗിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular