‘സഹോദരി ധീരമായി മുന്നോട്ട് പോകുക, ജനം കൂടെയുണ്ട്’; രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി വിനായകന്‍

കൊച്ചി: താരംസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി നടന്‍ വിനായകന്‍. സഹോദരി ധീരമായി മുന്നോട്ട് പോകുക. ജനം കൂടെയുണ്ടെന്ന് വിനായകന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

ദിലീപിന് അമ്മയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെയാണ് നടി പാര്‍വ്വതി, ഗീതുമോഹന്‍ദാസ്, രമ്യ നമ്പീശന്‍, ആക്രമണത്തിനിരയായ നടി എന്നിവര്‍ രാജിവെച്ചിരുന്നു. രാജിക്ക് പൊതുസമൂഹത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു. രാജിക്ക് പിന്നാലെ അമ്മ നേതൃത്വത്തിനെതിരെ നടി പാര്‍വതിയും പത്മപ്രിയയും രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിച്ച ഞങ്ങളെ നോമിനേഷന്‍ നല്‍കുന്നതില്‍ പിന്തിരിപ്പിച്ചെന്നായിരുന്നു ആരോപണം.

അതേസമയം, വിദേശത്താണെന്ന് പറഞ്ഞ് നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചെന്നു പാര്‍വതിയും പത്മപ്രിയയും പറഞ്ഞു. അമ്മയുടെ നിലപാടുകള്‍ സംഘടനയുടെ ധാര്‍മികയില്‍ സംശയം ഉയര്‍ത്തുന്നതാണ്. നിലവില്‍ അമ്മയുടെ നേതൃത്വത്തില്‍ എത്തിയിരിക്കുന്നത് ആരുടെയൊക്കെയോ നോമിനികളാണെന്നും സംഘടനയില്‍ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും പാര്‍വതി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇരുവരും അമ്മയ്ക്ക് കത്തെഴുതി.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്കു കത്തു നല്‍കിയിരുന്നു.

മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മകസംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നു. അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി കൂടിക്കാഴ്ച ആവശ്യപ്പെടുന്നുവെന്നും കത്തില്‍ പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular