നടിമാര്‍ രാജിവച്ചത് ശരിയായില്ലെന്ന് ഭാഗ്യലക്ഷ്മി; ഈ നടപടികൊണ്ട് കാര്യമില്ല

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്ത് പോവാതെ നടിമാര്‍ ഉള്ളില്‍ നിന്ന് പൊരുതണമായിരുന്നുവെന്ന് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ നടപടികൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവുമുണ്ടാവില്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. നടിമാര്‍ പുറത്ത് പോയതു കൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവും സംഭവിക്കില്ല. അങ്ങനെയാണ് അവരുടെ എല്ലാകാലത്തെയും നിലപാട്. അമ്മ സംഘടനയില്‍ നിന്ന് പുറത്ത് പോവുന്നതിന് പകരം ഉള്ളില്‍ നിന്ന് നേതൃത്വത്തിനെതിരേ ശബ്ദമുയര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

‘ഈ വനിതാ അംഗങ്ങള്‍ സംഘടനാ തിരഞ്ഞടുപ്പില്‍ മത്സരിക്കണമായിരുന്നു. എന്ത്‌കൊണ്ട് പ്രമുഖ നടി വൈസ്പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് വെച്ചു. അത് സ്വീകരിക്കാമായിരുന്നില്ലേ. അമ്മയ്ക്കുള്ളില്‍ നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ അമ്മയുടെ മുന്നില്‍ ധര്‍ണ്ണ ഇരിക്കണമായിരുന്നു. മൂന്ന് പേര്‍ ചേര്‍ന്ന് ഇനി വിഷയമവതരിപ്പിച്ചാല്‍ അതിന്റെ ശക്തി കുറയുമെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

മൂന്ന് അംഗങ്ങളെ കൂടാതെ രാജിവെച്ച നാലംഗങ്ങള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ എത്ര ശക്തമായി അഭിപ്രായമറിയിക്കാന്‍ കഴിയുമായിരുന്നു. അതവര്‍ നഷ്ടപ്പെടുത്തി. പകരം ഉള്ളില്‍ നിന്ന് പൊരുതണമായിരുന്നു’, ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
അതേസമയം നിരവധി പേരാണ് നടിമാര്‍ക്ക് പിന്തുണയുമായി എത്തുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജും രംഗത്ത് എത്തിയിരിക്കുന്നു. ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പ്രതികരിച്ചത്.

രമ്യയെയും ഗീതുവിനെയും ഭാവനയെയും റിമയെയും നന്നായി മനസ്സിലാക്കിയ ആളാണ് ഞാന്‍. അവര്‍ അമ്മയില്‍ നിന്ന് എന്തുകൊണ്ടാണ് രാജിവെച്ചതെന്നും അറിയാം. അവരുടെ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു, ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. അവരെ വിമര്‍ശിക്കുന്നവരും ഉണ്ടായിരിക്കാം. എന്നാല്‍ തെറ്റും ശരിയും എന്നത് അവരവരുടെ കാഴ്ചപ്പാട് മാത്രമാണ്.

പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ അതാത് ഇടങ്ങളില്‍ പറയേണ്ട സമയത്ത് പറഞ്ഞിരിക്കും. ഷൂട്ടിങ് തിരക്കുകള്‍ മൂലമാണ് അമ്മയുടെ മീറ്റിങില്‍ പങ്കെടുക്കാതിരുന്നത്. പിന്നെ എന്റെ സമ്മര്‍ദ്ദം മൂലമല്ല ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചതിന് ശേഷമാണ്.

മലയാളസിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള സംഘടനയാണ് അമ്മ. അമ്മയുടെ അംഗമാണെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ എനിക്കിതുവരെ സാധിച്ചിട്ടില്ല. ഒരുപാട് നടന്മാരെയും നടിമാരെയും അമ്മ സഹായിച്ചിട്ടുണ്ട്. ദിലീപിനൊപ്പം അഭിനയിക്കാന്‍ ഇതുവരെ എന്നെയാരും ക്ഷണിച്ചിട്ടില്ല, ഇനി അങ്ങനെയൊരു അവസരം ഉണ്ടായാല്‍ ആലോചിച്ച് തീരുമാനിക്കും.
സുഹൃത്ത് ആക്രമിക്കപ്പെട്ടത് എന്റെ ജീവിതത്തില്‍ ഏറ്റവും സങ്കടകരമായ സംഭവമാണ്. ഇപ്പോഴും ആ വേദനയില്‍ നിന്ന് ഞാന്‍ മുക്തനായിട്ടില്ല. അവരുടെ ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു പൃഥ്വിരാജ് പറഞ്ഞു.

SHARE