‘അര്‍ജന്റീന സന്നിഗ്ധ ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ എനിക്കെങ്ങനെ മാറി നില്‍ക്കാന്‍ സാധിക്കും’: മറഡോണ

അര്‍ജന്റീന- നൈജീരിയ മത്സരം വീക്ഷിക്കാനായി ഗ്യാലറിയിലെത്തി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് വിധേയനായ അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണ ആരോഗ്യം വീണ്ടെടുത്തു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മറഡോണ തന്നെ താന്‍ സുഖമായിട്ടിരിക്കുന്നതായി വ്യക്തമാക്കി. നേരത്തെ രക്തസമ്മര്‍ദമടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് ഇതിഹാസ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

” ഞാന്‍ സുഖമായിട്ടിരിക്കുന്ന കാര്യം എല്ലാവരോടുമായി പങ്കുവയ്ക്കുന്നു. മത്സരത്തിന്റെ ആദ്യ പകുതി തീര്‍ന്ന സമയത്ത് എന്റെ കഴുത്തിന് അസഹനീയമായ വേദന അനുഭവപ്പെട്ടിരുന്നു. പരിശോധിക്കാനെത്തിയ ഡോക്ടര്‍ വീട്ടില്‍ പോയി വിശ്രമിക്കാനാണ് ആവശ്യപ്പെട്ടത്. പക്ഷേ എനിക്കവിടെ നില്‍ക്കണമായിരുന്നു. അര്‍ജന്റീന അത്തരമൊരു സന്നിഗ്ധ ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ എനിക്കെങ്ങനെ മാറി നില്‍ക്കാന്‍ സാധിക്കും. പിന്തുണ നല്‍കിയതിന് നന്ദി. എല്ലാവര്‍ക്കും എന്റെ സ്നേഹ ചുംബനങ്ങള്‍”- മറഡോണ ഇസ്റ്റഗ്രാമില്‍ കുറിച്ചു.

നൈജീരിയക്കെതിരായ അര്‍ജന്റീനയുടെ ജീവന്‍മരണ പോരാട്ടം അരങ്ങേറുമ്പോള്‍ ഗ്യാലറിയില്‍ ഇരുന്ന മറഡോണ ഓരോ ഘട്ടത്തിലും പല പല വികാരങ്ങള്‍ക്ക് അടിപ്പെടുന്ന കാഴ്ച ലോകമെങ്ങുമുള്ള ആരാധകര്‍ കണ്ടിരുന്നു. വിജയ ശേഷം ഡബിള്‍ ഫിംഗര്‍ സല്യൂട്ട് ചെയ്ത മറഡോണയുടെ നടപടി വിവാദവുമായിരുന്നു.

SHARE