‘അമ്മ’ മാഫിയ ക്ലബാണെന്ന് ആഷിഖ് അബു!!! രാജിയല്ലാതെ മറ്റൊരു വഴിയും ആ നടിമാര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. അമ്മ താരസംഘടനയല്ലെന്നും ചിലയാളുകകള്‍ക്ക് വേണ്ടിയുള്ള സംഘമാണെന്നും മാഫിയ ക്ലബ്ബാണെന്നും ആഷിഖ് അബു പറഞ്ഞു. ആഷിഖ് അബുവിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ആക്രമിക്കപ്പെട്ട നടിയുമടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച് പ്രതികരണം നടത്തുകയായിരുന്നു ആഷിഖ് അബു.

രാജിവയ്ക്കാതെ മറ്റൊരു വഴിയും ഈ നടിമാര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. ചരിത്രപരമായ തീരുമാനമാണ് ഈ നടിമാര്‍ സ്വീകരിച്ചത്. ‘അമ്മ’യില്‍ ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യങ്ങളാണുള്ളത്. സ്ത്രീകളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നതില്‍ അവര്‍ ഒറ്റക്കെട്ടാണ്. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെടുന്നവര്‍ അമ്മയുടെ തലപ്പത്തുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അവരെല്ലാം ഒന്നിച്ചാണ്. മാഫിയ പ്രവര്‍ത്തനത്തിനുള്ള വേദിയാണ് അമ്മയെന്നും ആഷിഖ് അബു പറഞ്ഞു.

മലയാള സിനിമ മാറുകയാണ്. പുതിയ പരീക്ഷണങ്ങളുമായി പലരും രംഗത്തുവരുന്നു. എന്നാല്‍ ‘അമ്മ’ ഇക്കാര്യത്തില്‍ എന്തു പങ്കാണ് വഹിക്കുന്നതെന്നും ആഷിഖ് അബു ചോദിച്ചു. ഒരു സംഘടനയിലും അംഗത്വമില്ലാത്തവര്‍ക്കും സിനിമ എടുക്കാനും സിനിമയില്‍ അഭിനയിക്കാനുമുള്ള സാഹചര്യം ഇവിടെയുണ്ടാകണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു.

ദിലീപിനെ തിരികെയെടുക്കാനുള്ള ‘അമ്മ’യുടെ തീരുമാനത്തിനെതിരേ കഴിഞ്ഞദിവസം ആഷിഖ് അബു രംഗത്തുവന്നിരുന്നു. ദിലീപിനെ തിരിച്ചെടുത്ത സാഹചര്യത്തില്‍ ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ലാത്ത മഹാനടന്‍ തിലകനെ പുറത്തുനിര്‍ത്തിയതിന്റെ പേരില്‍ ‘അമ്മ’ മാപ്പു പറയുമായിരിക്കുമല്ലേയെന്ന് ആഷിഖ് അബു തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിരുന്നു.

SHARE