ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണം ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും അമ്മ ഒരു നടപടിയും എടുത്തില്ല; മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്തതോടെ വിവാദങ്ങളും തലപൊക്കിയിരിക്കുകയാണ്. ‘അമ്മ’ തിലകനോടും ദിലീപിനോടും രണ്ട് തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണവുമായാണ് പലരും രംഗത്ത് വന്നിരിക്കുന്നത്. 2010ല്‍ അമ്മ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് പുറത്തുവന്നിരിക്കുകയാണ്. നീതി കിട്ടുന്നില്ലെന്ന പരാതിയുമായാണ് തിലകന്‍ മോഹന്‍ലാലിന് കത്തയച്ചത്. എന്നാല്‍ അന്ന് അക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാന്‍ ‘അമ്മ’ തയ്യാറായില്ല.

ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണം ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും അമ്മ സംഘടന നടപടിയെടുത്തില്ലെന്ന് കത്തില്‍ തിലകന്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ‘അമ്മ’ മൗനം പാലിച്ചു. ജനാധിപത്യ മര്യാദ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് ‘അമ്മ’. ഏകപക്ഷീയമായാണ് തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. തന്റെ വിശദീകരണം പോലും കേള്‍ക്കാന്‍ തയ്യാറായില്ല. അമ്മ സംഘടന കൊണ്ട് മലയാള സിനിമയ്ക്ക് ഒരു പുരോഗതിയും ഉണ്ടായില്ലെന്നും തിലകന്‍ കത്തില്‍ പറഞ്ഞിരുന്നു. കരാറിലേര്‍പ്പെട്ട ചിത്രം പോലും നിഷേധിക്കുമ്പോള്‍ അമ്മ മൗനം പാലിക്കുന്നുവെന്നായിരുന്നു തിലകന്‍ കത്തില്‍ ഉന്നയിച്ചിരുന്നത്. അമ്മയുടെ മൗനം ന്യായീകരിക്കാന്‍ ആകാത്ത തെറ്റെന്നും തിലകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തിലകനെ സീരിയലില്‍ അഭിനയിക്കുന്നത് പോലും അന്ന് വിലക്കിയെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആത്മ സംഘടനയായിരുന്നു വിലക്കിയത്. അന്ന് തന്റെ വീട്ടിലിരുന്ന് തിലകന്‍ കരഞ്ഞുവെന്നും വിനയന്‍ പറഞ്ഞു. ദിലീപിനോട് സംഘടന കാണിച്ച പരിഗണന തിലകന് ലഭിച്ചില്ലെന്ന് മകള്‍ സോണിയ പറഞ്ഞു.

മലയാളത്തിന്റെ നടനവിസ്മയമായ തിലകന് മാസങ്ങളോളമാണ് അമ്മയില്‍ നിന്നുള്ള സസ്പെന്‍ഷനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്.2010ല്‍ വന്ന സസ്പെന്‍ഷന്‍ 2012 സെപ്തംബറില്‍ തിലകന്‍ മരിക്കുന്നവതുവരെയും ഈ വിലക്ക് മാറ്റമില്ലാതെ തുടര്‍ന്നു.

സസ്‌പെന്‍ഷന്‍ നിലനില്‍ക്കെ തന്നെയായിരുന്നു 2011ലെ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി മുതല്‍ അദ്ദേഹം അഭിനയിച്ച സിനിമകള്‍ എല്ലാം . രഞ്ജിത്തിനും അന്‍വര്‍ റഷീദിനുമെല്ലാം തിലകനെ തങ്ങളുടെ സിനിമയില്‍ നിന്നും ഒഴിവാക്കാനാവശ്യപ്പെട്ടുകൊണ്ട് അമ്മയില്‍ നിന്നും മറ്റു സംഘടനകളില്‍ നിന്നും കടുത്ത സമ്മര്‍ദമുണ്ടായിരുന്നതായാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്. താരസംഘടനയായ അമ്മയ്ക്കും സൂപ്പര്‍താര പദവികള്‍ക്കുമെതിരെ തുറന്നടിച്ചതിനായിരുന്നു തിലകനെ ‘അച്ചടക്കമില്ലായ്മ’യുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്.

താരസംഘടനയായ ‘അമ്മ’ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ പോകുന്നെന്ന വാര്‍ത്ത വന്നതിനെ പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ ശക്തമായ പ്രതിഷേധവുമായി വിമെന്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്കില്‍ പ്രതികരണമറിയിച്ചിട്ടിണ്ട്. അമ്മയോടുള്ള ഏഴ് ചോദ്യങ്ങളുമായാണ് ഡബ്ല്യൂ.സി.സി. ഫേസ്ബുക്ക് കുറിപ്പിട്ടത്. ആക്രമണത്തെ അതിജീവിച്ചവളെ അപമാനിക്കലാണ് ഈ നടപടിയെന്നും നീതിന്യായവ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ തീരുമാനമെന്നും ഡബ്ല്യൂ.സി.സി.പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular