ബാങ്കുകളുടെ ഇടപാട് തീര്‍ക്കാന്‍ തയ്യാര്‍, പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി വിജയ് മല്യ

ന്യൂഡല്‍ഹി: ബാങ്കുകളുടെ ഇടപാട് തീര്‍ക്കാനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിജയ് മല്യ. പ്രധാനമന്ത്രിക്കാണ് വിജയ്മല്യ കടങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് തുറന്ന കത്തെഴുതിയത്.

എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ തനിക്ക് യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നും മല്യ വ്യക്തമാക്കി. ഇന്ത്യന്‍ ബാങ്കുകള്‍ തന്നെ തട്ടിപ്പിന്റെ പ്രതീകമായി മാറ്റിയെന്നും അങ്ങനെ പൊതുജനങ്ങള്‍ക്കിടയില്‍ താന്‍ വെറുക്കപ്പെട്ടവനായെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ മദ്യ കമ്പനിയടക്കം നിരവധി സ്ഥാപനങ്ങള്‍ തുടങ്ങി. അതിലൂടെ കോടികള്‍ നികുതിയായി നല്‍കി. ആയിരങ്ങള്‍ക്ക് ജോലിയും കൊടുത്തു.ഇതൊന്നും മനസ്സിലാക്കാനോ അഭിനന്ദിക്കാനോ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാനോ രാജ്യത്തെ മാധ്യമങ്ങള്‍ ശ്രമിച്ചില്ല. ഇപ്പോള്‍ നേരിടുന്ന നിയമ കുരുക്കില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയ് മല്യ കത്തില്‍ പറഞ്ഞു.

രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമെല്ലാം ചേര്‍ന്ന് താന്‍ 9000 കോടി മോഷ്ടിച്ച് കടന്നുകളഞ്ഞുവെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഒരു ന്യായീകരണവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് തനിക്കെതിരെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റും കുറ്റം ചുമത്തിയിരിക്കുന്നത്.

മാത്രമല്ല 13900 കോടി രൂപ മൂല്യമുള്ള തന്റെ സ്ഥാപനങ്ങള്‍ അടക്കമുള്ളവ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു.കോടതി മേല്‍നോട്ടത്തില്‍ തന്റെ സ്വത്തുക്കള്‍ വിറ്റഴിച്ച് ബാധ്യത തീര്‍ക്കാന്‍ കോടതിയോട് അനുമതി തേടിയിട്ടുണ്ടെന്നും മല്യ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

SHARE