ജസ്ന ആരുടെയെങ്കിലും തടങ്കലിലാണെന്ന് കണ്ടെത്താനായിട്ടില്ല, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : പത്തനംതിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജസ്നയെ കണ്ടെത്താന്‍ പൊലീസ് നല്ല രീതിയിലുള്ള അന്വേഷണമാണ് നടത്തുന്നത്. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമാണ്. ജസ്ന ആരുടെയെങ്കിലും തടങ്കലിലാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് കോടതി വിലയിരുത്തി.

ജസ്ന അന്യായ തടങ്കലിലാണെന്ന് സ്ഥാപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ ജസ്നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്നയുടെ സഹോദരനും, അദ്വ. ഷോണ്‍ ജോര്‍ജുമാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.

പത്തനംതിട്ടയിലെ മുക്കൂട്ടുതറയില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ ജസ്നയെ കണ്ടെത്തുന്നതിനായി ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ജസ്നയെ കണ്ടെത്താന്‍ സംസ്ഥാനത്തിനകത്തും പുറത്തും വിശദമായ അന്വേഷണമാണ് പ്രത്യേക സംഘം നടത്തിക്കൊണ്ടിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

SHARE