ചിതയ്ക്ക് തീകൊളുത്തുന്നതിന് തൊട്ടുമുമ്പ് മരിച്ചയാള്‍ ചുമച്ചു!!! വിറക് മാറ്റി ഏഴുന്നേല്‍പ്പിച്ചിരിത്തിയപ്പോള്‍ വെള്ളം കുടിച്ചു; അരമണിക്കൂറിന് ശേഷം വീണ്ടും മരണത്തിന് കീഴടങ്ങി

ഭോപ്പാല്‍: മരിച്ചയാള്‍ ചിതയ്ക്ക് തീകൊളുത്തുന്നതിന് തൊട്ടുമുമ്പ് ചുമച്ചതിനെ തുടര്‍ന്ന് വിറക് മാറ്റി ഏഴുന്നേല്‍പ്പിച്ചിരുത്തിയപ്പോള്‍ വെള്ളം കുടിച്ചു. അരമണിക്കൂറിന് ശേഷം വീണ്ടും മരണത്തിന് കീഴടങ്ങി. മദ്ധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് അത്ഭുത സംഭവങ്ങള്‍ അരങ്ങേറിയത്. ഡോക്ടര്‍മാര്‍ മരണമടഞ്ഞെന്ന് വിധിയെഴുതിയ 45 കാരനാണ് ചിതകൊളുത്തുന്നതിന് തൊട്ടുമുമ്പ് നിര്‍ത്താതെ ചുമയ്ക്കുകയും ജീവനുണ്ടെന്ന് കണ്ട് ആള്‍ക്കാര്‍ വിറകെല്ലാം മാറ്റി എഴുന്നേല്‍പ്പിച്ച് ഇരുത്തിയപ്പോള്‍ വെള്ളം കുടിക്കുകയും ചെയ്തതിന് ശേഷം വീണ്ടും മരിക്കുകയും ചെയ്തത്.

രാജേഷ് എന്ന് വിളിക്കുന്ന ടില്ലു കോള്‍ എന്നയാളാണ് ശനിയാഴ്ചയുണ്ടായ അപ്രതീക്ഷിത സംഭവത്തിലെ നായകന്‍. കാര്യങ്ങള്‍ എല്ലാം നടന്നത് ഒരു മണിക്കൂറിനകത്തായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ശക്തമായ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ടില്ലുവിനെ ഗദര്‍വാരാ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായ രീതിയിലുള്ള മദ്യപാനമാണ് കാരണമെന്നായിരുന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

രാവിലെ ആറ് മണിയോടെ ഇയാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയും കൊണ്ടുവരികയും ചെയ്തു. 11 മണിയോടെയാണ് ശ്മശാനത്തില്‍ എത്തിച്ച് മൃതദേഹം ചിതയില്‍ വെയ്ക്കുകയും ചെയ്തു. മന്ത്രവും മതപരമായ ചടങ്ങുകളും അവസാനിച്ച് മൂത്തമകന്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിന് സെക്കന്റുകള്‍ക്ക് മുമ്പാണ് ശരീരം അനങ്ങുന്ന പോലെ തോന്നിയത്. രാജേഷ് ഒന്നു ചുമച്ചതായിരുന്നു. പെട്ടെന്ന് തന്നെ ശരീരത്ത് വെച്ചിരുന്ന വിറകുകമ്പുകളെല്ലാം എടുത്തുമാറ്റി തൊട്ടടുത്ത ബഞ്ചിലേക്ക് മാറ്റിക്കിടത്തുകയും വെള്ളം നല്‍കുകയും ചെയ്തു. പകുതിയോളം വെള്ളം കുടിക്കുകയും ചെയ്തു. അതേസമയം ശരീരത്തിന്റെ മറ്റുളള ഭാഗങ്ങള്‍ നിശ്ചലമായിരുന്നു.

വെള്ളം കുടിച്ചു കഴിഞ്ഞു പിന്നെയും കുറച്ചു നേരം കൂടി ജീവനോടെ ഇരുന്നു. അപ്പോഴും ശരീരത്തെ ചൂട് നഷ്ടപ്പെട്ടില്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാരെല്ലാം ചേര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും ഡോക്ടര്‍മാര്‍ ഇസിജി എടുത്ത ശേഷം ഒബ്സെര്‍വേഷന്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ 30 മിനിറ്റിന് ശേഷം ഡോക്ടര്‍മാര്‍ വീണ്ടും വന്ന് ഇയാള്‍ മരിച്ചെന്നു വ്യക്തമാക്കി. അതേസമയം ഇത്തവണ ശരീരം പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷമാണ് വീട്ടുകാര്‍ക്ക് വിട്ടു നല്‍കിയത്. 30 മിനിറ്റ് നീണ്ട പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം വീണ്ടും ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും ചിതയ്ക്ക് തീ കൊളുത്തുകയും ചെയ്തു. 12,14 പ്രായത്തിലുള്ള രണ്ടു കുട്ടികളും ഭാര്യയുമായി ജീവിക്കുകയായിരുന്നു രാജേഷ്.

Similar Articles

Comments

Advertismentspot_img

Most Popular