ആതിഥേയരായ റഷ്യയെ വലിഞ്ഞ് മുറുക്കി സുവാരസ്, ഉറുഗ്വായ് രണ്ട് ഗോളിന് മുന്നില്‍

സമാറ: ലോകകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഉറുഗ്വായ് ആതിഥേയരായ റഷ്യയ്ക്കെതിരേ രണ്ട് ഗോളിന് മുന്നില്‍. പത്താം മിനിറ്റില്‍ ലൂയിസ് സുവാരസാണ് ആദ്യ ഗോള്‍ നേടിയത്. ബോക്സിന് പുറത്ത് മധ്യഭാഗത്ത് നിന്ന് തൊടുത്ത ഫ്രീകിക്ക് ഗോള്‍വലയിലാക്കുകയായിരുന്നു. കവാനിയെ ഫൗള്‍ ചെയ്തതിന് കിട്ടിയ കിക്കാണ് സുവാരസ് ലക്ഷ്യത്തിലെത്തിച്ചത്.
ഇരുപത്തിമൂന്നാം മിനിറ്റില്‍ ഡീഗോ ലക്‌സാല്‍റ്റുമാണ് ഉറൂഗ്വയ്ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയത്.

കളിച്ച രണ്ടു കളികളും ജയിച്ച യുറഗ്വായ്ക്കും റഷ്യയ്ക്കും ആറ് പോയിന്റ് വീതമാണുള്ളത്. ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞ ഇവര്‍ ചാമ്പ്യന്മാരാവുക എന്ന ലക്ഷ്യത്തിലെത്താനാണ് പോരാടുന്നത്. ഇന്നത്തെ മത്സരം സമനിലയിലായാല്‍ മികച്ച ഗോള്‍ശരാശരിയുടെ ബലത്തില്‍ റഷ്യ ഗ്രൂപ്പ് ജേതാക്കളാവും.

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാലും രണ്ടാം സ്ഥാനക്കാരായാലും പ്രീക്വാര്‍ട്ടറില്‍ ഇവരെ കാത്തിരിക്കുന്നത് ശക്തരായ എതിരാളികള്‍ തന്നെയാണ്. ഗ്രൂപ്പ് എയിലെ ജേതാക്കള്‍ക്ക് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് എതിരാളികള്‍. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരും.ഗ്രൂപ്പ് ബിയില്‍ ഇനിയും തീരുമാനമായിട്ടില്ല. സ്പെയിനും പോര്‍ച്ചുഗലും ഇറാനും തമ്മിലാണ് മത്സരം. സ്പെയിനിനെയും പോര്‍ച്ചുഗലിനെയും ഒഴിവാക്കാന്‍ റഷ്യയും ഉറുഗ്വായും ആഗ്രഹിക്കുന്നത് സ്വാഭാവികം.

SHARE