തൊഴിലാളികളുടെ പ്രേതഭയം അകറ്റാന്‍ എം.എല്‍.എ ശ്മശാനത്തില്‍ കിടന്നുറങ്ങി!!!

ഹൈദരാബാദ്: പ്രേതങ്ങളോടുളള തൊഴിലാളികളുടെ പേടി മാറ്റാന്‍ എംഎല്‍എ ശ്മശാനത്തില്‍ കിടന്നുറങ്ങി. പ്രേത ബാധയുണ്ടെന്ന ഭയത്താല്‍ തൊഴിലാളികള്‍ പണിയെടുക്കാന്‍ മടിച്ചതോടെയാണ് തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എ നിമ്മ രാമ നായിഡു ശ്മശാനത്തില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ പലകോലേയിലുളള ഹിന്ദു ശ്മശാന വാടികയിലാണ് വെളളിയാഴ്ച രാത്രി എംഎല്‍എ കിടന്നുറങ്ങിയത്.

ശ്മാശനത്തില്‍ വച്ചാണ് എംഎല്‍എ രാത്രി ഭക്ഷണം കഴിച്ചത്. രാവിലെ വീട്ടിലേക്ക് മടങ്ങിയ എംഎല്‍എ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉച്ച തിരിഞ്ഞ് വീണ്ടും ശ്മശാനത്തിലേക്ക് എത്തി. ‘രണ്ടോ മൂന്നോ ദിവസം കൂടി ശ്മശാനത്തില്‍ കിടന്നുറങ്ങും. ഇത് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കും. അല്ലെങ്കില്‍ പേടി മൂലം അവര്‍ ശ്മശാനത്തിലേക്ക് കയറില്ല. ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കും’ നിമ്മല പറഞ്ഞു.

ഒരു വര്‍ഷം മുന്‍പാണ് ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു കോടി രൂപ അനുവദിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് കരാര്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ പണി തുടങ്ങി അധികനാള്‍ കഴിയും മുന്‍പേ നിര്‍ത്തിവച്ചു. തൊഴിലാളികള്‍ പാതിവെന്ത മൃതശരീരങ്ങള്‍ കണ്ടതോടെ പേടിക്കുകയും പ്രേതങ്ങളെ ഭയന്ന് പണിക്ക് വരാതാവുകയും ചെയ്തതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത്. തുടര്‍ന്നാണ് ശ്മാശനത്തില്‍ കിടന്നുറങ്ങാന്‍ എംഎല്‍എ മുന്നോട്ടു വന്നത്.

‘ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്ക് ശ്മാശനത്തില്‍ ഞാന്‍ ചെലവിട്ടതോടെ തൊഴിലാളികള്‍ക്ക് ഭയം മാറിത്തുടങ്ങിയിട്ടുണ്ട്. 50 ഓളം തൊഴിലാളികള്‍ മടങ്ങിയെത്തി. ഇനിയും കൂടുതല്‍ പേര്‍ തിരികെ വരുമെന്നാണ് കരുതുന്നത്’ എംഎഎ പറഞ്ഞു. ശ്മാശനത്തില്‍ കിടന്നുറങ്ങിയപ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കൊതുകിന്റെ ശല്യം മാത്രമാണ് ഉണ്ടായതെന്ന് എംഎല്‍എ മറുപടി പറഞ്ഞു. അടുത്ത ദിവസം കൊതുകുവലയും കൊണ്ടായിരിക്കും താന്‍ ഉറങ്ങാന്‍ എത്തുകയെന്നും എംഎല്‍എ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular