കാലിന് പരിക്ക്; നിര്‍ണായക മത്സരത്തിന് ബ്രസില്‍ ഇറങ്ങുന്നത് സൂപ്പര്‍ താരമില്ലാതെ!!!

കോസ്റ്റാറിക്കയെ അവസാന നിമിഷം തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തില്‍ സെര്‍ബിയയ്ക്ക് എതിരെ നിര്‍ണായ മത്സരത്തിനിറങ്ങുന്ന ബ്രസീലിന് തിരിച്ചടി. സൂപ്പര്‍ താരം ഡഗ്ലസ് കോസ്റ്റ ഇല്ലാതെയാകും നിര്‍ണായക മത്സരത്തില്‍ കാനറികള്‍ക്ക് ഇറങ്ങേണ്ടി വരിക. കഴിഞ്ഞ മത്സരത്തില്‍ കാലിനേറ്റ പരിക്കാണ് സൂപ്പര്‍ താരത്തെ പുറത്തിരുത്താന്‍ കാനറികളെ നിര്‍ബന്ധിപ്പിക്കുന്നത്.

കോസ്റ്റാറിക്കക്കെതിരായ മത്സരത്തിന് ശേഷം വലതുകാലിന്റെ പിന്‍തുട ഞരമ്പിന്റെ ഭാഗത്ത് കടുത്ത് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാലിന്റെ പിന്നിലെ പേശിക്ക് ചെറിയ പരിക്കുണ്ടെന്ന് വ്യക്തമായത്. കോസ്റ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണെന്നും, സെര്‍ബിയക്കെതിരായ മത്സരത്തിന് ടീമിനൊപ്പ സഞ്ചരിക്കില്ലെന്നും ടീം ഡോക്ടര്‍ റോഡ്രിഡോ ലാസ്മര്‍ പറഞ്ഞു.

ബ്രസീല്‍ നിരയില്‍ ഡാനിലോയും പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന താരം സെര്‍ബിയക്കെതിരേയും കളിക്കാന്‍ സാധ്യതയില്ല. ഇതുവരെ ഒരു വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ഇ യില്‍ നാല് പോയിന്റുമായി ബ്രസീലാണ് ഒന്നാമതാണ്. ഒരു തോല്‍വിയും ഒരു ജയവുമായി മൂന്ന് പോയിന്റുള്ള സെര്‍ബിയ മൂന്നാം സ്ഥാനത്തുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ബ്രസീലിന് വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനില്ല. കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനം ടീമിനും ആരാധകര്‍ക്കും ഒരേ പോലെ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ജൂണ്‍ 27ന് ഇന്ത്യന്‍ സമയം രാത്രി 11.30 നാണ് ബ്രസീല്‍- സെര്‍ബിയ മത്സരം.

Similar Articles

Comments

Advertismentspot_img

Most Popular