ഇഞ്ച്വറി ടൈംമില്‍ ക്രൂസ് രക്ഷകനായി; സ്വീഡനെ 2-1ന് തകര്‍ത്ത് ജര്‍മനി

മോസ്‌കോ: അവസാന നിമിഷം വരെ സമനിലക്കുരുക്കുറപ്പിച്ച ലോകചാമ്പ്യന്മാര്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റഷ്യന്‍ ലോകകപ്പിലെ സാധ്യതകള്‍ സജീവമാക്കി. 1-1ന്റെ സമനില കുരുക്കുറപ്പിച്ച ലോകചാമ്പ്യന്മാര്‍ക്ക്, അധിക സമയത്തിന്റെ അവസാന നിമിഷങ്ങളിലൊന്നില്‍ ലഭിച്ച ഫ്രീ കിക്കാണ് രക്ഷയായത്. ടോണി ക്രൂസാണ് ജര്‍മനിയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. മെക്സിക്കോയ്ക്കെതിരായ ആദ്യ മത്സരത്തിലേറ്റ അട്ടിമറിയെ അനുസ്മരിപ്പിക്കും വിധം ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയാണ് ജര്‍മനി സോചിയിലും കളി തുടങ്ങിയത്. മത്സരത്തിന്റെ 32ാം മിനിറ്റില്‍ ഓല ടോയ്വോനെയാണ് മുള്ളറെയും സംഘത്തെയും ഞെട്ടിച്ച് സ്വീഡിഷ് ആരാധകര്‍ക്ക് ആഘോഷത്തിനവസരം നല്‍കിയത്.

മത്സരം ആരംഭിച്ചതു മുതല്‍ സ്വീഡന്‍ ജര്‍മനിക്ക് അപ്രതീക്ഷിത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. തുടക്കം മുതല്‍ കൃത്യമായ ഗെയിം പ്ലാനോടെയായിരുന്നു സ്വീഡന്‍ കളിച്ചത്. പ്രതിരോധം ശക്തമാക്കി മുന്നേറിയ സ്വീഡിഷ് താരങ്ങള്‍ അവസരത്തിനൊത്ത് ആക്രമണത്തിന്റെ മൂര്‍ച്ചയും കൂട്ടിക്കൊണ്ടിരുന്നു. ഇതിന്റെ ഫലമായിരുന്നു 32ാം മിനിറ്റിലെ ഗോള്‍.

പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ജയത്തില്‍ കുറഞ്ഞൊന്നും മതിയാവില്ല എന്ന നിലയായിരുന്നു ജര്‍മനിക്ക്. ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങേണ്ടി വന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ജര്‍മനി ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. ചാമ്പ്യന്‍മാരുടെ കളി പുറത്തെടുത്ത ജര്‍മനി ഗോളെന്നുറച്ച ഒരുപിടി അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഒടുവില്‍ 48ാം മിനിറ്റില്‍ ജര്‍മന്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. മധ്യഭാഗത്തു നിന്ന് വെര്‍ണര്‍ നല്‍കിയ പാസ് മാര്‍ക്കോ റിയൂസ് കൃത്യമായി സ്വീഡിഷ് ഗോള്‍വര കടത്തി.

സമനിലയായാല്‍ പോലും നിലയില്ലാക്കയത്തിലാകുമെന്ന തിരിച്ചറിവോടെ ജര്‍മന്‍ നിര ആക്രമണം തുടര്‍ന്നപ്പോള്‍ ഗോളവസരങ്ങള്‍ വന്നുകൊണ്ടേയിരുന്നു. 86ാം മിനിറ്റില്‍ ഗോളെന്നുറച്ച ഒരു ഷോട്ട് സ്വീഡിഷ് ഗോളി അതിവിദഗ്ധമായി തടുത്തു. അധികസമയത്തിന്റെ തുടക്കത്തില്‍ വീണ്ടും വന്നു ഗോളെന്നു തോന്നിച്ച ഷോട്ട്. ജൂലിയന്‍ ബ്രാന്‍ഡെ തൊടുത്ത മിന്നല്‍വേഗത്തിലുള്ള ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോകുമ്പോള്‍ വിജയമുറപ്പിച്ച ഗോള്‍ നഷ്ടമായ നിരാശയോടെ ജര്‍മന്‍ താരങ്ങളും ആരാധകരും തലയില്‍ കൈവച്ചു.

ഒടുവില്‍ അധികസമയം തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജിമ്മി ദര്‍മാസ സമ്മാനിച്ച ഫ്രീ കിക്കെടുത്ത ടോണി ക്രൂസ് അത് ഗോളാക്കി മാറ്റുകയായിരുന്നു. ടോണി ക്രൂസിന്റെ കാലില്‍ നിന്നുയര്‍ന്ന പന്ത് പറന്നെത്തവേ, തടയാന്‍ സ്വീഡിഷ് ഗോളി നടത്തിയ മുഴുനീള ഡൈവ് വിഫലമായി. ഈ ലോകകപ്പില്‍ തങ്ങളിനിയുമുണ്ട് എന്ന് ജര്‍മനി വിളിച്ചു പറഞ്ഞ നിമിഷമായിരുന്നു അത്. ഇതിനിടെ, 82ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ജെറോം ബോട്ടെങ് പുറത്തായിരുന്നു. ഇതോടെ 10 പേരുമായാണ് ജര്‍മനി കളിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular