പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ ത്രിശങ്കുവില്‍; ക്രൊയേഷ്യയോടും അര്‍ജന്റീന അടിയറവ് പറഞ്ഞു, തോല്‍വി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌

ആരാധകരെ ഒന്നടങ്കം നിരാശയിലാക്കി ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട് അര്‍ജന്റീന. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകള്‍.

ആന്റെ റെബിച്ച് (53), ലൂക്കാ മോഡ്രിച്ച് (80), ഇവാന്‍ റാക്കിട്ടിച്ച് (90+1) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോള്‍ നേടിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ളവര്‍ തീര്‍ത്തും നിറം മങ്ങിയതോടെ കടലാസ് കരുത്തിന്റെ നിഴല്‍ മാത്രമായിരുന്നു കളത്തിലെ അര്‍ജന്റീന. ഈ തോല്‍വിയോടെ അര്‍ജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷകളിലും കരിനിഴല്‍ വീണു. അതേസമയം, ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഈ ജയത്തോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ത്രിശങ്കുവിലായിരിക്കുകയാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി. അതില്‍ അവര്‍ ജയിക്കുകയും ഐസ്ലന്‍ഡ് അടുത്ത രണ്ട് മത്സരങ്ങളും തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ. ഇല്ലെങ്കില്‍ 2002നുശേഷം ഒരിക്കല്‍ക്കൂടി ഒന്നാം റൗണ്ടില്‍ തന്നെ തോറ്റു മടങ്ങേണ്ടിവരും അവര്‍ക്ക്.

സ്വന്തം ബോക്സില്‍ വരുത്തിയ വമ്പന്‍ മണ്ടത്തരമാണ് അര്‍ജന്റീന ആദ്യ ഗോള്‍ വഴങ്ങുന്നതിലേക്ക് വഴി വെച്ചത്. മത്സരത്തിന്റെ 53ാം മിനുട്ടില്‍ അന്റെ റാബിക്ക് ആണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. പ്രതിരോധ താരം നല്‍കിയ മൈനസ് പാസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമം പാളിയതാണ് ചെല്‍സി ഗോള്‍കീപ്പര്‍ക്ക് വിനയായത്.

അതേസമയം, ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മികച്ച ഗോളടിച്ച് ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ച് ക്രൊയേഷ്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരത്തിന്റെ 80ാം മിനുട്ടിലായിരുന്നു മോഡ്രിച്ചിന്റെ തകര്‍പ്പന്‍ ഗോള്‍. പോസ്റ്റിന്റെ 20 വാര അകലെ നിന്ന് ഉഗ്രന്‍ കര്‍വ് ഷോട്ടിലൂടെ അര്‍ജന്റീനയുടെ ചെല്‍സി ഗോള്‍കീപ്പറെ കീഴടക്കുകയായിരുന്നു. ഇവാന്‍ റാകിട്ടിച്ചാണ് കളിയുടെ അവസാന നിമിഷം ക്രൊയേഷ്യുയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular