ലൈംഗിക ഉത്തേജന മരുന്നുകള്‍ വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കി സര്‍ക്കാര്‍ മെഡിക്കല്‍ സ്‌റ്റോര്‍!!!

ഹൈദരാബാദ്: ലൈംഗിക ഉത്തേജന മരുന്നുകള്‍ വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കി സര്‍ക്കാര്‍ മെഡിക്കല്‍ സ്‌റ്റോര്‍. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ മേഖലയിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ സ്റ്റോറായ അന്നാ സഞ്ജീവിനിയില്‍നിന്നു ലൈംഗിക ഉത്തേജന മരുന്നുകള്‍ വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങളാണ് പരസ്യമായിരിക്കുന്നത്.

സഞ്ജീവിനി വെബ്സൈറ്റിന്റെ ഡാഷ്ബോര്‍ഡിലാണു മരുന്നു വാങ്ങിയവരുടെ പേരും മൊബൈല്‍ നമ്പറും ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. സുരക്ഷാ ഗവേഷകന്‍ ശ്രീനിവാസ് കൊടാലിയാണു വിവരചോര്‍ച്ച ആദ്യം കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ വിവരങ്ങള്‍ സൈറ്റില്‍നിന്നു നീക്കി.

എന്നാല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ സൂക്ഷിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ വ്യക്തികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷിക്കുന്നതിനും ഇ ഹെല്‍ത്ത് നിലവാരം ഉയര്‍ത്തുന്നതിനുമായി ‘ദിഷാ’ എന്ന പേരില്‍ നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

നേരത്തെ ആന്ധ്രയിലെ ചില ആളുകളുടെ ആധാര്‍ വിവരങ്ങളും പരസ്യമാക്കിയത് വിവാദമായിരുന്നു. ആന്ധ്രപ്രദേശ് ഹൗസിങ് കോര്‍പ്പറേഷനില്‍ നിന്നായിരുന്നു ഡാറ്റ ചോര്‍ന്നത്. 1.3 ലക്ഷം ജനങ്ങളുടെ വിവരങ്ങളാണ് ജാതി, മതം, സ്ഥലം ഉള്‍പ്പടെ അറിയാന്‍ കഴിയും വിധം ഹൗസിങ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നത്. വിവാദത്തെ തുടര്‍ന്ന് ആന്ധ്രാ സര്‍ക്കാര്‍ വെബ്‌സൈറ്റ് അടച്ചിരുന്നു.

SHARE