മൂന്നാര്‍ കൈയ്യേറ്റത്തിന് മുഖ്യമന്ത്രിയുടെ ഒത്താശ..? വിവരാവകാശ രേഖകള്‍ ഇങ്ങനെ; റിപ്പോര്‍ട്ടുകള്‍ മുക്കി

കൊച്ചി: മൂന്നാര്‍ കൈയേറ്റങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാടു വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൂന്നാര്‍ കൈയറ്റങ്ങളെ കുറിച്ച് ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ പൂഴ്ത്തിയതായി വിവരം. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിച്ച ഫയല്‍ ഒരുവര്‍ഷത്തിലേറെയായി തീരുമാനമെടുക്കാതെ വച്ചിരിക്കുകയാണ്. സബ് കലക്ടറുടെ ഓഫിസില്‍ നിന്നു ഫയല്‍ അപ്പാടെ ഇല്ലാതാവുകയും ചെയ്തു. ദേവികുളം സബ് കലക്ടര്‍ ഓഫിസില്‍ നിന്ന് ഈ ഫയല്‍ പൂര്‍ണമായും ഇല്ലാതായതോടെ വിവാദമായ മൂന്നാര്‍ കയ്യേറ്റങ്ങളില്‍ തുടര്‍നടപടി സാധ്യമല്ലാതായിരിക്കുകയാണ്.

ഫയലിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍, കയ്യേറ്റം സംബന്ധിച്ചു സബ് കലക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ടും അനുബന്ധ ഫയലും സബ് കലക്ടര്‍ ഓഫിസില്‍ ലഭ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്. ഇതേ ഫയലിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു റവന്യു വകുപ്പില്‍ നല്‍കിയ അപേക്ഷയില്‍ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്നും അന്തിമ തീരുമാനമെടുത്തു തിരികെ ലഭിച്ചാല്‍ മാത്രമേ പകര്‍പ്പു നല്‍കാന്‍ കഴിയൂ എന്നും മറുപടി ലഭിച്ചു. സംഭവങ്ങളെല്ലാം ഇതോടെ വ്യക്തം.

സര്‍ക്കാരിന്റെ ഏതു ഫയല്‍ ആയാലും അതു തയാറാക്കിയ ഓഫിസില്‍ അതിന്റെ പകര്‍പ്പെങ്കിലും സൂക്ഷിക്കണമെന്നാണു ചട്ടം. റിപ്പോര്‍ട്ടിന്റെ പ്രാധാന്യം കണക്കിലെടുത്തു ഫയല്‍ അപ്പാടെ ചോദിച്ചുവാങ്ങിയെങ്കില്‍ അക്കാര്യം അപേക്ഷകനെ അറിയിക്കണം. അങ്ങനെ മറുപടിയില്ലാത്തതിനാല്‍ ഫയല്‍ നശിപ്പിക്കപ്പെട്ടിരിക്കാനാണു സാധ്യത.

വന്‍കിടക്കാരുടേത് ഉള്‍പ്പെടെ മൂന്നാര്‍ കയ്യേറ്റങ്ങളുടെ വിശദമായ പട്ടികയും അത് ഒഴിപ്പിക്കാനെടുത്ത നടപടികളുമാണു രണ്ടുഘട്ടമായി അന്നത്തെ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഉള്ളടക്കം. സബ് കലക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നു സിപിഎമ്മും റിപ്പോര്‍ട്ടില്‍ നടപടി വേണമെന്നു സിപിഐയും നിലപാടെടുത്തതോടെ, രാഷ്ട്രീയ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട റിപ്പോര്‍ട്ട് പിന്നീടു ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റത്തില്‍ കലാശിച്ചു.

സബ് കലക്ടറുടെ റിപ്പോര്‍ട്ട് റവന്യു മന്ത്രിയുടെ ഓഫിസില്‍ ലഭിച്ച തീയതി, ഫയല്‍ നമ്പര്‍, ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന എ.വി. ജോര്‍ജ് ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങളെക്കുറിച്ചു നല്‍കിയ റിപ്പോര്‍ട്ട് ലഭിച്ച തീയതി, ഫയല്‍ നമ്പര്‍ എന്നിവ ആവശ്യപ്പെട്ട് 2017 ഒക്ടോബര്‍ 13 നു നല്‍കിയ അപേക്ഷയില്‍ 30 ദിവസത്തിനു ശേഷം നല്‍കിയ മറുപടിയിലാണു റവന്യു വകുപ്പ് ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്നു മറുപടി നല്‍കിയത്.

എ.വി. ജോര്‍ജിന്റെ റിപ്പോര്‍ട്ട് റവന്യു വകുപ്പിനു ലഭിച്ചിട്ടില്ലെന്നും മറുപടി നല്‍കി. ഇതേത്തുടര്‍ന്നു ഫയല്‍ തയാറാക്കിയ ദേവികുളം സബ് കലക്ടര്‍ ഓഫിസില്‍ 2018 മേയ് 10 ന് അപേക്ഷ നല്‍കി. സബ് കലക്ടറുടെ അധികാരപരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം, കുടിയേറ്റം, അനധികൃത നിര്‍മാണം എന്നിവ സംബന്ധിച്ചു സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്, റിപ്പോര്‍ട്ട് അടങ്ങുന്ന ഫയലിന്റെ നോട്ട്ഫയല്‍, വിവരാവകാശ അപേക്ഷയുടെ തീയതിവരെ ഫയലില്‍ ലഭിച്ച കത്തിടപാടുകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയാണു വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടത്. അപേക്ഷയില്‍ പറയുന്ന ഫയല്‍, റിപ്പോര്‍ട്ട് എന്നിവ ലഭ്യമായ രേഖകള്‍ പരിശോധിച്ചതില്‍ കാണുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.

SHARE