കുവൈത്തില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുന്നു; ജോലി തേടുന്ന മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത…

കുവൈത്ത്: സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനിടെ മലയാളികള്‍ അടക്കം തൊഴില്‍ തേടുന്നവര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി കുവൈത്ത് സര്‍ക്കാര്‍. കുവൈത്തിലെ സ്വകാര്യകമ്പനികള്‍ക്ക് വിദേശതൊഴിലാളികളെ നിയമിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അധികഫീസ് നല്‍കി, നിലവിലെ ഇരുപത്തിയഞ്ച് ശതമാനത്തില്‍ കൂടുതല്‍ വിദേശികളെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
സ്വകാര്യമേഖലയില്‍ കമ്പനികള്‍ അനുവദിക്കുന്നതിനും കൂടുതല്‍ വിദേശതൊഴിലാളികളെ നിയമിക്കുന്നതിനുമാണ് പുതിയ നിയമപ്രകാരം ഇളവ്. 250 ദിനാര്‍ വീതം അധിക ഫീസ് നല്‍കിയാല്‍ നിശ്ചിത ക്വോട്ടയിലും അധികം വിദേശജോലിക്കാരെ നിയമിക്കാം. നിലവില്‍ 75% തൊഴിലാളികളെ ആഭ്യന്തര വിപണിയില്‍നിന്നും 25% പേരെ വിദേശത്ത് നിന്ന് നേരിട്ടു കൊണ്ടുവരാമെന്നുമാണ് നിയമം. തൊഴില്‍ വിപണി സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഏതാനും വര്‍ഷം മുന്‍പ് ഈ തീരുമാനം നടപ്പാക്കിയത്. പുതിയ നിയമപ്രകാരം നിശ്ചയിക്കപ്പെട്ട 25ശതമാനത്തിന് മുകളില്‍ മൊത്തം അനുവദിക്കപ്പെട്ട തൊഴില്‍ശേഷിയുടെ 50ശതമാനം വരെ വിദേശതൊഴിലാളികളെ നിയമിക്കാനാകും. ഇതിലൂടെ കുവൈത്തില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടാകുമെന്നാണ് പ്രതീക്ഷ.

SHARE