ഭൂകമ്പം വന്നു, സുനാമി വന്നു, കത്രീന വന്നു…., എന്തിന് മമ്മുട്ടിയുടെ മകന്‍ ദുല്‍ഖറും മോഹന്‍ലാലിന്റെ മകന്‍ പ്രണവും വരെ സിനിമയില്‍ വന്നു.. പക്ഷെ ഒരു കപ്പ് അത് മാത്രം വന്നില്ല; മെസിക്ക് ആരാധകന്റെ കത്ത് വൈറല്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ ചങ്കിപ്പാണ് അര്‍ജന്റീന. സൂപ്പര്‍താരം ലയണല്‍ മെസി ആരാധകരുടെ ചങ്കും. അര്‍ജന്റീന കപ്പെടുക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 1986 ല്‍ കപ്പുയര്‍ത്തിയ ശേഷം ഇതുവരെ അത് ഒന്നുകൂടി നീലപ്പട ഉയര്‍ത്തുന്നതു കാണാനുള്ള ഭാഗ്യം ആരാധകര്‍ക്ക് ഉണ്ടായിട്ടില്ല. ഇത്തവണ എങ്കിലും അത് നേടി കാണിക്കുമെന്ന പ്രതീക്ഷയിലായിരിന്നു ആരാധകര്‍. എന്നാല്‍ വിധി മറ്റൊന്നായിരിന്നു. ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്ന പ്രകടനമാണ് അര്‍ജന്റീന കാഴ്ചവെച്ചത്.

കഴിഞ്ഞ മത്സരത്തിലെ ദയനീയ പ്രകടനം ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. അവര്‍ പലവിധത്തില്‍ തങ്ങളുടെ വിഷമം വെളിപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. അര്‍ജന്റിനയുടെ ഇന്നലത്തെ പ്രകടനം കണ്ട് മെസ്സിക്ക് കത്തെന്ന തലക്കുറുപ്പില്‍ എഴുത്തുകാരന്‍ പിവി ഷാജി കുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഇതില്‍ വര്‍ഷങ്ങളായി ഇഷ്ട ടീം കപ്പടിക്കാന്‍ കാത്തിരുന്ന് നിരാശനാകുന്ന ഒരു ആരാധകന്റെ മുഴുവന്‍ വിഷമവും ഉണ്ട്. കപ്പ് കാത്തിരുന്ന് കാത്തിരുന്ന് മടുത്ത്, ഇനിയും അത് സംഭവിച്ചില്ലെങ്കില്‍ മറ്റ് ടീമുകളിലേക്ക് ചേക്കേറുമെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം;

അര്‍ജന്റിനയുടെ ഇന്നലത്തെ പ്രകടനം കണ്ട് ഒരാള്‍ മെസ്സിക്ക് കത്തയച്ചത് ഇവിടെ വായിക്കാം. പഴയ മെസ്സേജിന്റെ പുതിയരൂപം.

പ്രിയപ്പെട്ട മെസ്സിയും പിള്ളേരും അറിയാന്‍…
ശരിക്കും പറഞ്ഞാല്‍ മിഥുനത്തിലെ തേങ്ങ പിടിച്ചു നില്‍ക്കുന്ന നെടുമുടി വേണുവിന്റെ അതെ അവസ്ഥ ആണ് എന്റെതും. ഞാന്‍ കളി കാണാന്‍ തുടങ്ങിയ കാലം മുതല്‍, കൃത്യമായി പറഞ്ഞാല്‍ 90 മുതല്‍ നിങ്ങള്‍ കപ്പ് അടിക്കും എന്നും പറഞ്ഞു കാത്തിരിക്കാന്‍ തുടങ്ങിയതാണ്. വര്ഷം 30 ആയി പോലും നമ്മള്‍ ഒരു കപ്പടിച്ചിട്ട് എന്നാണ് ഫിഫയിലെ പാണന്മാര്‍ പാടി നടക്കുന്നത് . ഇതിപ്പോള്‍ കോഴിക്ക് എന്തോ വരുന്ന പോലെ ആവുമോ ..?

ഇതിനിടക്ക് രാജിവ് ഗാന്ധി മരിച്ചു, ഞങ്ങള്‍ പാകിസ്ഥാനോട് ഒന്നു രണ്ടു തവണ യുദ്ധം ചെയ്തു, വീരപ്പനെയും പുലി പ്രഭാകരനെയും കൊന്നു , സച്ചിന്‍ കളി നിര്‍ത്തി. ഐഎസ്സും ഐപിഎല്ലും വന്നു. പിണറായി മുഖ്യമന്ത്രി ആയി. എന്നിട്ടും നിങ്ങള്‍ ഒരു കപ്പെടുക്കുന്നത് കാണാന്‍ ഞങ്ങള്‍ മലയാളികള്‍ക്ക് യോഗം ഇല്ലേ ..? ഭൂകമ്പം വന്നു സുനാമി വന്നു,കത്രിന വന്നു, എന്തിന് മമ്മുട്ടിയുടെ മകന്‍ ദുല്‍ഖറും മോഹന്‍ലാലിന്റെ മകന്‍ പ്രണവും വന്നു. പക്ഷെ ഒരു കപ്പ് അത് മാത്രം വന്നില്ല .

ഓരോ വേള്‍ഡ് കപ്പ് വരുമ്പോഴും ജയിക്കും എന്ന് ഉറപ്പിക്കും, പക്ഷേ നമ്മള്‍ അവസാനം ശശി , ഷാജി , സോമന്‍ , പന്തളം ശ്രീജിത്ത് തുടങ്ങിയവര്‍ ആവും. പിന്നെ തെറി പറഞ്ഞ ഏതെങ്കിലും ടീമിനെ പിടിക്കേണ്ടി വരും . ജര്‍മനിയെ ഒക്കെ വെറുക്കാന്‍ ഉള്ള ഒരേ ഒരു കാരണം നിങ്ങളെ അവര്‍ തോല്പിച്ചു എന്നത് മാത്രം ആണ് .അല്ലാതെ അവര്‍ ഞങ്ങളോട് കാശ്മീര്‍ ഒന്നും ചോദിച്ചിട്ടില്ല .

സത്യത്തില്‍ ഇത്തവണ എനിക്ക് ഒരു പ്രതിക്ഷയും ഇല്ല . എന്നാലും മാറോഡോണയുടെ നാമത്തില്‍ ഈ ഒരു പ്രാവശ്യം കൂടെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നു. നിങ്ങള്‍ മെസിയൊക്കെ ആണ് . എന്നാലും ഒരു ഉറപ്പും സ്വയം തോന്നുന്നില്ല എന്റെ മെസ്സി. ഈ തവണയും കാവിലെ പാട്ട് മത്സരത്തില്‍ നോക്കാമെന്ന അപ്പുകുട്ടന്‍ ലൈന്‍ ആണെങ്കില്‍ ഞാന്‍ ഇംഗ്ലണ്ടിന്റെയോ ഫ്രാന്‌സിന്റെയോ അള മുട്ടിയാല്‍ ബ്രസീലിന്റെ കൂടെ വരെ പോവും.

എന്ന്
രോദനത്തോടെ ഒരു പാവം ഫാന്‍.
പേര്
ഒപ്പ്

SHARE