കപ്പ് നിലനിര്‍ത്താന്‍ ജര്‍മനി, പ്രായശ്ചിത്തം ചെയ്യാന്‍ ബ്രസീല്‍; വമ്പന്മാരുടെ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം

ലോകമെമ്പാടും കാല്‍പ്പന്ത് കളിയുടെ ആവേശത്തിലാണ്. ഫുട്ബോള്‍ ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കാന്‍ ഇഷ്ട ടീമുകളായ ബ്രസീലും ജര്‍മ്മനിയും ഇന്നിറങ്ങും. ബ്രസീല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടുമ്പോള്‍ മെക്സിക്കോയാണ് ജര്‍മ്മനിയുടെ എതിരാളികള്‍. കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ഏറ്റ പരാജയത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ കാനറികള്‍ ഇറങ്ങുമ്പോള്‍ കപ്പ് നിലനിര്‍ത്താനാകും ജര്‍മ്മിനിയുടെ പോരാട്ടം.

ആദ്യ മത്സരത്തില്‍ ബ്രസീലിനെ നയിക്കുക മാഴ്സലോ ആയിരിക്കും. പരിശീലകന്‍ ടിറ്റെയാണ് ഇക്കാര്യം അറിയിച്ചത്. ഏതെങ്കിലും ഒരാളെ ക്യാപ്റ്റനാക്കുന്നതിന് പകരം ഓരോ മത്സരത്തിലും ഓരോരുത്തര്‍ക്ക് വീതം ആംബാന്‍ഡ് നല്‍കുന്നതാണ് ടിറ്റെയുടെ രീതി. അതിന് ലോകകപ്പിലും മാറ്റമുണ്ടായില്ല. ടിറ്റെ പരിശീലകനായെത്തിയ ശേഷം ഇത് രണ്ടാം തവണയാണ് മാഴ്സലോയ്ക്ക് ബ്രസീലിനെ നയിക്കാന്‍ അവസരം കിട്ടുന്നത്.

ആദ്യ മത്സരത്തിലെ നായകനെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു എന്നതിനാല്‍ ഈ റൊട്ടേഷന്‍ തുടരാന്‍ തന്നെയാണ് ടിറ്റെയുടെ തീരുമാനമെന്നാണ് കരുതേണ്ടത്. രാത്രി 11.30-നാണ് ബ്രസീല്‍- സ്വിറ്റ്സര്‍ലന്‍ഡ് മത്സരം. നെയ്മര്‍, ഫിലിപ്പ് കുട്ടിന്യോ, ഗബ്രിയേല്‍ ജീസസ്, വില്ല്യന്‍ എന്നിവരാണ് ബ്രസീലിന്റെ കരുത്ത്. നിലവിലെ ശക്തമായ നിലയില്‍ സ്വിസ് കാനറികള്‍ക്ക് എതിരല്ലങ്കിലും അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല.

രാത്രി 8.30-നാണ് ജര്‍മ്മനി- മെക്സിക്കോ മത്സരം. ലോകകപ്പില്‍ വലിയ പരിചയസമ്പത്തുള്ള ടീമാണ് മെക്സിക്കോ. അതിനാല്‍ തന്നെ ജര്‍മ്മനിക്ക് കാര്യം അത്ര എളുപ്പമാകില്ല. സന്നാഹമത്സരങ്ങളില്‍ നടത്തിയ ദയനീയ പ്രകടനം ജര്‍മ്മനിക്ക് മൈനസ് മാര്‍ക്കാണെങ്കിലും പരിക്കില്‍ നിന്ന് മോചിതനായി മെസ്യൂട്ട് ഓസില്‍ കളിക്കാനിറങ്ങുമെന്നത് ടീമിന് കരുത്ത് പകരുന്നതാണ്.

Similar Articles

Comments

Advertismentspot_img

Most Popular