കെജ്‌രിവാള്‍ മാന്യനായ രാഷ്ട്രീയക്കാരന്‍; കെജ്‌രിവാളിനെ പിന്തുണച്ച് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ആറുദിവസമായി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ്ണ നടത്തുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണയുമായി ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ. കെജ്രിവാളിനെ മാന്യനായ രാഷ്ട്രീയക്കാരന്‍ എന്നും സിന്‍ഹ വിശേഷിപ്പിച്ചു.

‘എന്തുകൊണ്ടാണ് കെജ്രിവാളിന്റെ ആവശ്യത്തെ എതിര്‍ക്കുന്നത്. ഡല്‍ഹിയ്ക്ക് സംസ്ഥാനപദവി നല്‍കണമെന്നും സ്വതന്ത്രമായി ഭരണ നിര്‍വഹണം സാധ്യമാക്കണമെന്നും ബി.ജെ.പിയും ആവശ്യപ്പെട്ടിട്ടുള്ളതാണ്. അത്തരമൊരു സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം ആവശ്യപ്പെടുമ്പോള്‍ മാത്രം എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്തിനാണ്.’

നേരത്തേയും ദല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളേയും കെജ്രിവാളിന്റെ നേതൃത്വത്തേയും പ്രകീര്‍ത്തിച്ച് ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു.

അതേസമയം കെജ്രിവാളിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാല് മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണ് അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്.

സര്‍ക്കാരിനോടുള്ള ഐ.എ.എസ് ഓഫീസര്‍മാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയായ രാജ്‌നിവാസില്‍ സമരം ചെയ്യുന്നത്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍,ഗോപാല്‍ റായ് എന്നിവരാണ് കെജ്രിവാളിനൊപ്പം കുത്തിയിരിപ്പ് സത്യഗ്രഹം അനുഷ്ഠിക്കുന്ന മന്ത്രിമാര്‍. ഞായറാഴ്ച നടക്കുന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയതായിരുന്നു പിണറായി അടക്കമുള്ള മുഖ്യമന്ത്രിമാര്‍.

Similar Articles

Comments

Advertismentspot_img

Most Popular