വീട്ടമ്മയുമായി ചാറ്റിങ് നടത്തി നാല് യുവാക്കള്‍ തട്ടിയെടുത്തത് 10 ലക്ഷം രൂപ; ഒടുവില്‍ സിനിമാ സ്റ്റൈലില്‍ പൊലീസ് കീഴടക്കി

തൃശൂര്‍: വീട്ടമ്മയായ യുവതിയെ ചാറ്റ് ചെയ്ത് കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത യുവാക്കളായ പ്രതികളെ പൊലീസ് സിനിമാ സ്റ്റൈലില്‍ അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പത്തുലക്ഷം കവര്‍ന്ന യുവാക്കളെയാണ് തന്ത്രപരമായ നീക്കത്തിലൂടെ പൊലീസ് കുടുക്കി. വലപ്പാട് കോതകുളം സ്വദേശി കളിച്ചത്ത് വീട്ടില്‍ ആദിത്യന്‍, തളിക്കുളം സ്വദേശികളായ പെരുംതറ വീട്ടില്‍ ആദില്‍, മാനങ്ങത്ത് വീട്ടില്‍ അശ്വിന്‍, വലപ്പാട് സ്വദേശി വെന്നിക്കല്‍ വീട്ടില്‍ അജന്‍ എന്നിവരാണ് അറസ്റ്റിലായത്. പത്ത് ലക്ഷം തട്ടിയെടുത്തശേഷം അരലക്ഷം കൂടി കൈക്കലാക്കാനുള്ള നീക്കമാണ് ഇവരെ കുടുക്കിയത്. മൊബൈല്‍ഫോണില്‍ സൗഹൃദം സ്ഥാപിച്ചാണു നാലംഗസംഘം വീട്ടമ്മയായ യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.
പ്രതികളായ ആദിത്യന്‍, ആദില്‍, അശ്വിന്‍, അജന്‍ എന്നിവര്‍ യുവതിയുമായി മൊബൈല്‍ഫോണില്‍ വീഡിയോ ചാറ്റിങ് നടത്താറുണ്ടായിരുന്നു. ചാറ്റിങ്ങിനിടെ യുവതിയുടെ ഫോട്ടോ യുവാക്കള്‍ സ്‌ക്രീന്‍ഷോട്ട് എടുത്തു. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രതികള്‍ പണം തട്ടിക്കാന്‍ പദ്ധതി തയാറാക്കി. ഇതിനായി പുതിയ നമ്പര്‍ എടുത്ത ഫോണില്‍നിന്ന് അജ്ഞാതനെന്ന നിലയില്‍ നാലംഗസംഘം വാട്‌സാപ്പ് മുഖേന യുവതിക്കു സന്ദേശം അയച്ചു. പിന്നീട് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ നാലു യുവാക്കളില്‍നിന്ന് താന്‍ കൈക്കലാക്കിയെന്നും ഇത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം ആരെയെങ്കിലും അറിയിച്ചാല്‍ കുടുംബജീവിതം തകര്‍ക്കുമെന്നും ‘അജ്ഞാതന്‍’ ഭീഷണിപ്പെടുത്തി. ഭയത്തിലായ യുവതി സത്യാവസ്ഥ അറിയാതെ പ്രതികളായ ഈ സുഹൃത്തുക്കളെ വിവരം അറിയിച്ചു.

അജ്ഞാതന്‍ അയച്ച സന്ദേശം ശരിയാണെന്നും അയാളെ അനുസരിക്കുകയേ നിവൃത്തിയുള്ളൂവെന്നും പറഞ്ഞു പ്രതികള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്നു പല തവണകളിലായി സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെ പത്തുലക്ഷത്തോളം രൂപ യുവാക്കള്‍ കൈക്കലാക്കി. ചെരുപ്പുകടയിലടക്കം തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്തുവന്ന യുവാക്കള്‍ ഇതോടെ ആര്‍ഭാട ജീവിതമാണു നയിച്ചിരുന്നത്. തട്ടിച്ചെടുത്ത പണംകൊണ്ട് പ്രതികളില്‍ ഒരാളായ ആദിലിന്റെ പേരില്‍ കാറും സ്വന്തമാക്കി. തുടര്‍ന്നു ഗോവയിലും കൊടൈക്കനാലിലും പ്രതികള്‍ വിനോദത്തിനു പോയി. ഇതിനിടെ, അരലക്ഷം രൂപ കൂടി യുവതിയില്‍നിന്നു തട്ടാനുള്ള ശ്രമമാണു യുവാക്കളെ അകത്താക്കിയത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വലപ്പാട് എസ്എച്ച്ഒ ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കി. ഇതിനിടെ പണം ആവശ്യപ്പെട്ട നാലു യുവാക്കളെ പൊലീസ് യുവതിയുടെ വീടിനടുത്തു തന്ത്രപൂര്‍വം കാറില്‍ വിളിച്ചുവരുത്തി. യുവാക്കള്‍ നിര്‍ദേശിച്ച സ്ഥലത്ത് അമ്പതിനായിരം രൂപയുടെ ആകൃതിയില്‍ പത്രം മുറിച്ചു പൊതിഞ്ഞുവച്ചിരുന്നു. ഇതെടുത്തു രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പ്രത്യേക അന്വേഷണസംഘം പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular