സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യത, അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ്‌സെക്രട്ടറിക്കും കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും പോലീസ് വാ ഹനം ഉപയോഗിച്ചും പള്ളികള്‍, അമ്പലങ്ങള്‍ എന്നിവയിലെ മൈക്ക് ഉപയോഗിച്ചും അറിയിപ്പ് നല്‍കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ഈ ജില്ലകളിലെ ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതയുള്ള ഇടങ്ങളില്‍ ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുക ളുടെയും ഉദ്യോഗസ്ഥര്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്തണം. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ട്. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.

SHARE