‘ചങ്കിടിപ്പല്ല ചങ്കുറപ്പാണ്’……. മണിയാശാന് വെല്ലുവിളിയുമായി കടകംപളളി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോളില്‍ ഇഷ്ട ടീം ആരെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കുമുണ്ടാകും അഭിപ്രായം. ഓരോ ടീമിന് വേണ്ടി നാട്ടുംപുറങ്ങളില്‍ ഫല്‍ക്സ് ഉയരുന്നത് പുതുമയുളള കാര്യവുമല്ല. അവരവരുടെ ടീമുകള്‍ക്ക് വേണ്ടി പന്തയം വെയ്ക്കുന്നതും സര്‍വസാധാരണമാണ്. എന്നാല്‍ ഇവിടെ ഒരേ ആശയത്തില്‍ വിശ്വസിക്കുന്ന മന്ത്രിമാര്‍ ഫുട്ബോളിന്റെ കാര്യത്തില്‍ മറിച്ച് ചിന്തിച്ചിരിക്കുകയാണ്. അതില്‍ തെറ്റു പറയാനും കഴിയില്ല. ഫുട്ബോള്‍ ആവേശം അങ്ങനെയാണ്. ഒരു ഭൂഖണ്ഡത്തിലെ ടീമുകളെയാണ് ഇരുവരും പിന്തുണച്ചത് എന്നതു മാത്രം ആശ്വാസം.

കിക്കോഫിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, അര്‍ജന്റീനയാണ് തന്റെ ഇഷ്ട ടീമെന്ന് വീണ്ടും പ്രഖ്യാപിച്ച് മന്ത്രി എം എം മണിയാണ് ആദ്യം രംഗത്തുവന്നത്. അര്‍ജന്റീനയുടെ ജേഴ്സി ധരിച്ചുളള ചിത്രം സഹിതം ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ആവേശം പങ്കുവെച്ചത്.
‘ചങ്കിടിപ്പാണ്… അര്‍ജന്റീന അന്നും ഇന്നും എന്നും’ എന്നതാണ് ഫെയ്സ്ബുക്ക് പോസ്റ്റിലെ അദ്ദേഹത്തിന്റെ വരികള്‍.

ഇതിന് മറുപടി നല്‍കിയാണ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഫുട്ബോളിന്റെ ആവേശം പങ്കുവെച്ചത്. ‘ചങ്കിടിപ്പല്ല ചങ്കുറപ്പാണ്…കാനറിപ്പടയാണ് ആശാനേ കാല്‍പ്പന്തിന്റെ ആവേശം…മഞ്ഞപ്പടയുടെ മാന്ത്രികതയ്ക്കൊപ്പം…’ ഇങ്ങനെയാണ് കടകംപളളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലുടെയുളള മറുപടി. മണി അര്‍ജന്റീന ടീമിന് വേണ്ടി നിലകൊളളുമ്പോള്‍ തന്റെ പിന്തുണ ബ്രസീലിന് എന്ന് കടകംപളളി പറഞ്ഞുവെയ്ക്കുന്നു.

SHARE