‘ഈ റമദാന്‍ മാസത്തില്‍ ഉള്ളില്‍ കിടക്കുന്നതൊക്കെ പുറത്ത് കാണിക്കാന്‍ നാണമില്ലേ’ വസ്ത്രധാരണത്തിന്റെ പേരില്‍ മോഡലിന് നേരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം

ന്യൂഡല്‍ഹി: വിവാദങ്ങള്‍ വിട്ടൊഴിയാത്ത താരമാണ് മോഡലും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ ഹിന ഖാന്‍. ടി.വി റിയാലിറ്റി ഷോയ്ക്കിടെയും അല്ലാതെയുമുള്ള ഹിനയുടെ ചില ഇടപെടലുകള്‍ പലരേയും ചൊടിപ്പിക്കാറുണ്ട്. ഇത്തവണ ഇഫ്താര്‍ സ്പെഷ്യല്‍ എന്ന പേരില്‍ ധരിച്ച വസ്ത്രമാണ് ഹിനയ്ക്ക് വിനയായത്.
‘ഇഫ്താര്‍ റെഡി’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹിന ചില ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്. വെള്ളയില്‍ മനോഹരമായി ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ഹിന ധരിച്ചിരുന്നത്.

എന്നാല്‍ ‘ഉള്ളില്‍ കിടക്കുന്നതൊക്കെ പുറത്തുകാണത്തക്ക രീതിയിലുള്ള വസ്ത്രങ്ങള്‍ ഈ റമദാന്‍ മാസത്തില്‍ ധരിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ’യെന്നായിരുന്നു ചിലരുടെ ചോദ്യം. നിങ്ങള്‍ക്ക് അള്ളാഹുവിനെ ഭയമില്ലേയെന്നും അള്ളാഹുവിന്റെ കോപത്തിന് നിങ്ങള്‍ പാത്രമായിക്കഴിഞ്ഞുവെന്നുമായിരുന്നു മറ്റു ചിലര്‍ പ്രതികരിച്ചത്.

എന്നാല്‍ ഇതോടെ ഹിനയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തി. ഇഫ്താറിന് ഇങ്ങനെയുള്ള വസ്ത്രങ്ങളൊന്നും ധരിക്കരുതെന്ന് അള്ളാഹു പറഞ്ഞതായി അറിവില്ലല്ലോയെന്നായിരുന്നു ഒരാളുടെ ചോദ്യം. അവര്‍ ആദ്യം ഒരു മനുഷ്യസ്ത്രീയാണ്. പിന്നെയാണ് അവര്‍ ഇസ്ലാം ആയത്. സ്വന്തം ഇഷ്ടത്തിന് വസത്രം ധരിക്കുക എന്നത് ഓരോരുത്തരുടേയും അവകാശമാണ്. ഞങ്ങളാരും ഇവരുടെ വസ്ത്രത്തില്‍ ഒരു കുഴപ്പവും കാണുന്നില്ലല്ലോയെന്നും നിങ്ങളുടെ കണ്ണിലൂടെ നോക്കുമ്പോഴാണ് കുഴപ്പമെന്നുമായിരുന്നു ചിലരുടെ പ്രതികരണം.

നേരത്തെ ജിമ്മിലെ വര്‍ക്ക് ഔട്ട് വീഡിയോ പുറത്തുവിട്ടപ്പോഴും ഹിനയ്ക്ക് നേരെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. മാത്രമല്ല റമദാന്‍ മാസത്തില്‍ നടത്തിയ ഒരു ഡാന്‍സ് വീഡിയോ ഷെയര്‍ ചെയ്തതും ചിലരെ ചൊടിപ്പിച്ചിരുന്നു.

SHARE