കോഴിക്കോട് പലയിടത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം; ദുരന്ത നിവാരണ സേനയുടെ അടിയന്തരയോഗം ഉടന്‍

കോഴിക്കോട്: താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു. കോലഞ്ചേരി സ്വദേശി അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന (9) ആണ് മരിച്ചത്. അതേസമയം കോഴിക്കോട്-വയനാട് പാതയില്‍ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതേ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ദുരന്തനിവാരണ സേനയുടെ അടിയന്തരയോഗം അല്‍പ്പസമയത്തിനകം ചേരും. പുല്ലൂരാംപാറയില്‍ 7 വീടുകള്‍ വെള്ളത്തിനടിയിലായി. ബാലുശ്ശേരി മങ്കയത്ത് നിരവധി വീടുകള്‍ തകര്‍ന്നു.

കോഴിക്കോട് മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. താമരശേരി കട്ടിപ്പാറ, കക്കയം, പുല്ലൂരാംപാറ, കരിഞ്ചോല, ചമല്‍ മേഖലകളിലാണ് ഉരുള്‍പൊട്ടിയത്. നിരവധി വീടുകള്‍ തകര്‍ന്നു.തകര്‍ന്ന വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഈങ്ങാപ്പുഴ, പൂന്നൂര്‍ എന്നിവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. വയനാട് ചുരത്തിലും ഗതാഗതം തടസപ്പെട്ടു.

അതിനിടെ, മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ചാത്തല്ലൂരില്‍ 6 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മഴ ശക്തമായാല്‍ അപകട സാധ്യതയെന്ന് തഹസില്‍ദാര്‍ അറിയിച്ചു. കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.

കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. കക്കയം ടൗണിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പാല്‍ച്ചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്റെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു വീണു. കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മക്കൂട്ടം കര്‍ണ്ണാടക പാതയില്‍ ഗതാഗതം തടസപ്പെട്ടതിനാല്‍ കൊട്ടിയൂര്‍ വഴിയാണ് വാഹനങ്ങള്‍ കര്‍ണ്ണാടകത്തിലേക്ക് പോയിരുന്നത്.

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലെയും ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കോട്ടയം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം.

കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എറണാകുളം ജില്ലാ കലക്ടറും ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ കളക്ടറും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

SHARE