യുവാവിനെ മര്‍ദിച്ച സംഭവം, ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ കേസെടുത്തു

അഞ്ചല്‍: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ കേസ്. ദേഹോദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. യുവാവിന്റെ പാരാതിയെ തുടര്‍ന്ന് അഞ്ചല്‍ പൊലീസാണ് കേസെടുത്തത്. ബുധനാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. മര്‍ദനമേറ്റ അന്തകൃഷ്ണന്‍ (22)എന്ന യുവാവിനെ അഞ്ചല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറുംമര്‍ദ്ദിച്ചു.

”ഞാനാടാ ഇവിടെ ഭരിക്കുന്നേ.. ഗണേഷ് ആരാണെന്ന് നിനക്കറിയില്ലേടാ, കൊന്നു കളയുമെടാ നിന്നെ” വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് തന്നെ മര്‍ദിച്ച് അവശനാക്കുമ്പോള്‍ ഗണേഷ് കുമാര്‍ എംഎല്‍എ ആക്രോശിച്ചത് ഇങ്ങനെയന്ന്, മര്‍ദനമേറ്റു ചികിത്സയിലുള്ള യുവാവ് അനന്തകൃഷ്ണന്‍ പറഞ്ഞു. നീ കേസിനു പോടാ എന്നു പറഞ്ഞ് അസഭ്യ വര്‍ഷമാണ് എംഎല്‍എ നടത്തിയതെന്ന് അനന്തകൃഷ്ണന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

അഞ്ചല്‍ അഗസ്ത്യാകോട് കഷ്ടിച്ച് ഒരു വാഹനം കടന്നുപോകാനുള്ള വീതിയുള്ള റോഡില്‍ പരാതിക്കാരന്റെ വാഹനം സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചു മര്‍ദിച്ചെന്നാണ് യുവാവ് പറയുന്നത്. സാറിന്റെ വാഹനം ഒന്നു പിറകോട്ടെടുത്താല്‍ നമുക്ക് രണ്ടുകൂട്ടര്‍ക്കും സുഖമായി പോകാമല്ലോ എന്ന് അമ്മ ചോദിച്ചതോടെ ഗണേഷ് കുമാര്‍ പ്രകോപിതനായെന്നാണ് യുവാവ് പറയുന്നത്. പിന്നീട് അദ്ദേഹം ആദ്യം കാറില്‍ നിന്നിറങ്ങി അമ്മയെ തെറി വിളിച്ചു. വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ നോക്കി. പക്ഷേ അതിന് കഴിയാതെ വന്നതോടെയാണ് യുവാവിനെ മര്‍ദിച്ചത്.

SHARE