സി.പി.ഐ എതിര്‍പ്പ് ഫലം കണ്ടു; നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഇളവില്ല

തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം നടപ്പിലായില്ല. നിയമം ഭേദഗതി ചെയ്യില്ലെന്നും നഗര പ്രദേശങ്ങളില്‍ ഇളവ് നല്‍കില്ലെന്നും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. സിപിഐ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചയിലും മന്ത്രിമാരുടെ യോഗത്തിലും സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിലവിലെ നിയമം തുടരുമെന്നും നിയമത്തില്‍ കാതലായ മാറ്റം ഉണ്ടാകില്ലെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം പ്രഖ്യാപിച്ചിരുന്നു. നഗരങ്ങളെ നിയമപരിധിയില്‍ നിന്ന് ഒഴിക്കുന്നതാണ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്. ഭേദഗതി ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിരുന്നു. റവന്യൂ കൃഷി മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരം, എറണാകുളം നഗരങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം. നഗരപ്രദേശങ്ങളെ ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് ഇന്ന ഉന്നതതലയോഗം ചേര്‍ന്നത്. ഭേദഗതി ബില്‍ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുകയാണ്. ഇതിനിടെയാണ് യോഗം വിളിച്ചത്.

വി.എസ് സര്‍ക്കാരിന്റെ കാലത്താണ് നെല്‍വയല്‍, നീര്‍ത്തട നിയമം കൊണ്ടുവന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു ഭേദഗതി വരുത്തിയിരുന്നു. പൊതു ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുമ്പോള്‍ പ്രാദേശിക സമിതികളുടെ റിപ്പോര്‍ട്ടുകള്‍ അനുകൂലമല്ലെങ്കിലും സംസ്ഥാന സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു പ്രധാന ഭേദഗതി.

Similar Articles

Comments

Advertismentspot_img

Most Popular