താജ്മഹലിന്റെ പേര് രാമ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണം!!! ബി.ജെ.പി എം.എല്‍.എ

ന്യൂഡല്‍ഹി: താജ്മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. താജ് മഹല്‍ എന്ന പേരുമാറ്റി രാമ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
താജ്മഹലിന് ഇന്ത്യന്‍ ഐഡന്റിറ്റി നല്‍കാനാണ് പേരുമാറ്റം എന്നാണ് അദ്ദേഹത്തിന്റെ വാദം. തനിക്ക് അതിന് അധികാരമുണ്ടായിരുന്നെങ്കില്‍ 15 ദിവസം കൊണ്ട് താജ് മഹലിന്റെയും ലക്നൗവിലെ അക്ബറി ഗേറ്റിന്റെയുമൊക്കെ പേരുമാറ്റുമായിരുന്നെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ഈ വിഷയം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ഞാന്‍ യോഗി ആദിത്യനാഥിന് കത്തെഴുതും. മുഗളേശ്വരി റെയില്‍വേ സ്റ്റേഷന് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേര് നല്‍കിയ അദ്ദേഹത്തിന്റെ ശ്രമത്തെ ഞാന്‍ അഭിനന്ദിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

‘അതുപോലെ മുഗളേശ്വരി ടെഹ്സിലിന്റെ പേരും അതുപോലെ മാറ്റണം. താജ്മഹല്‍ പോലുള്ള പേരുകള്‍ രാം മഹല്‍ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണം. അവയ്ക്ക് ഇന്ത്യന്‍ ഐഡന്റിറ്റി ലഭിക്കണം.’ എന്നും അദ്ദേഹം പറഞ്ഞു. താന്‍ ആദ്യം ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നെന്നും പിന്നീടാണ് എം.എല്‍.എയായതെന്നും പറഞ്ഞാണ് സിങ് തന്റെ വാദം വിശദീകരിക്കുന്നത്.

താജ്മഹല്‍ ശിവക്ഷേത്രമാണെന്ന സംഘപരിവാര്‍ പ്രചരണത്തിനു പിന്നാലെയാണ് താജ്മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം താജ്മഹലിന്റെ ഗേറ്റ് വി.എച്ച്.പി പ്രവര്‍ത്തകര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സമീപത്തെ ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.

SHARE