ഷൂട്ടിങ്ങിനായി വിദേശയാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ദിലീപ് പിന്‍വലിച്ചു

കൊച്ചി: വിദേശത്തുപോകാനുള്ള അനുമതി തേടി കോടതിയില്‍ നല്‍കിയ അപേക്ഷ നടന്‍ ദിലീപ് പിന്‍വലിച്ചു. സിനിമ ചിത്രീകരണത്തിനായി വിദേശത്ത് പോകാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. എന്നാല്‍ തീരുമാനിച്ച സിനിമയുടെ ഷൂട്ടിങ് മാറ്റിവെച്ചതിനാല്‍ ഹരജിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അപേക്ഷ തള്ളിയത്. ദിലീപ് നിര്‍മാണം നിര്‍വഹിക്കുന്ന ‘കട്ടപ്പനയിലെ ഋതിക്‌റോഷന്‍’ എന്ന മലയാള സിനിമയുടെ തമിഴ് പതിപ്പിന്റെ ചിത്രീകരണത്തിന് ജൂണ്‍ 17 മുതല്‍ 24 വരെ തായ്‌ലന്‍ഡില്‍ പോകുന്നതിന് പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, തീരുമാനിച്ച ഷൂട്ടിങ് മാറ്റിവെച്ചതോടെ ഹരജിയുമായി തല്‍ക്കാലം മുന്നോട്ടുപോകുന്നില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. നേരത്തേ ദിലീപ് അഭിനയിച്ച മറ്റൊരു ചിത്രത്തിന്റെ പ്രചാരണാര്‍ഥം ദുബൈയിലും സിംഗപ്പൂരും പോകുന്നതിന് കോടതി അനുമതി നല്‍കിയിരുന്നു. ഇനി ഷൂട്ടിങ് ഷെഡ്യൂള്‍ ചെയ്യുമ്പോഴായിരിക്കും വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കുക.

അതിനിടെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്ററിന് ഭൂമി കൈയേറിയിട്ടില്ലെന്ന കലക്ടറുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. തൃശൂര്‍ ഡിവൈ.എസ്.പിക്കാണ് തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയത്.
കലക്ടറുടെ നടപടി കൈയേറ്റക്കാരനെ സഹായിക്കാനാണെന്നും ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടറോട് അന്വേഷിക്കാനും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. കൈയേറ്റമില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ അന്വേഷണം നടക്കവേ ഇത്തരത്തില്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്തുകൊണ്ടെന്ന് കോടതി വിജിലന്‍സിനോട് ആരാഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular