കടിച്ച പാമ്പ് കാലില്‍ ചുറ്റിപ്പിടിച്ചു; രക്ഷയില്ലാതെ പാമ്പുമായി ആശുപത്രിയിലേക്ക് ഓടെടാ ഓട്ടം

ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ പാമ്പ് കടിച്ചു. കടി വിടാത പാമ്പ് കര്‍ഷകന്റെ കാലില്‍ ചുറ്റി. തുടര്‍ന്ന് കാലില്‍ ചുറ്റിയ പാമ്പുമായി കര്‍ഷകന്‍ ആശുപത്രിയിലേക്ക് ഓടി.
ബിഹാറിലെ മധേപുരയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. തന്റെ കൃഷിയിടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് കര്‍ഷകന്‍ അബദ്ധത്തില്‍ പാമ്പിനെ ചവിട്ടിയത്. ഇതോടെ പാമ്പ് ഇയാളുടെ കാലില്‍ കടിച്ചു. എന്നാല്‍ കടിച്ചശേഷം സാധാരണ ഇഴഞ്ഞു പോകാറുള്ള പാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഈ പാമ്പ് കര്‍ഷകന്റെ കാലില്‍ ചുറ്റി വരിഞ്ഞു. കടി വിടാതെ തന്നെ കര്‍ഷകന്റെ കാലില്‍ പാമ്പ് തുടരുകയും ചെയ്തു.

പാമ്പിന്റെ പല്ലുകള്‍ മാംസപേശികള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാണ് പാമ്പിനെ രക്ഷപെടാന്‍ സാധിക്കാതെവന്നതിന്റെ കാരണം. പല്ലുകള്‍ ഊരിയെടുക്കാന്‍ പാമ്പ് കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് കര്‍ഷകന്റെ കാലില്‍ പാമ്പ് ചുറ്റിവരിഞ്ഞത്. ഇതോടെ ഭയന്നു പോയ കര്‍ഷകന്‍ വൈകാതെ സമനില വീണ്ടെടുത്ത് സമീപത്തുള്ള ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിലെത്തിയതോടെ കടിച്ചത് വിഷമുള്ള പാമ്പല്ലെന്നും നീര്‍ക്കോലി വിഭാഗത്തില്‍ പെട്ട പാമ്പാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇതിനു ശേഷം ഡോക്ടര്‍മാര്‍ പാമ്പിനെ ഇയാളുടെ കാലില്‍ നിന്ന് വേര്‍പെടുത്തി. കടിച്ചത് വിഷമില്ലാത്ത പാമ്പായതിനാല്‍ മുറിവിന് പ്രാഥമിക ശുശ്രൂഷ നല്‍കി കര്‍ഷകനേയും ഡോക്ടര്‍മാര്‍ മടക്കി അയച്ചു.

Similar Articles

Comments

Advertismentspot_img

Most Popular