മാണിയുടെ ആഗ്രഹത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ട ഗതികേട് കോണ്‍ഗ്രസിനുണ്ടാകും… പക്ഷെ അതിന്റെ ഭാരം പേറേണ്ടവരല്ല കോട്ടയത്തെ ജനങ്ങളെന്ന് എം. സ്വരാജ്

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യു.ഡി.എഫില്‍ എടുക്കുന്നതിനെക്കുറിച്ചോ രാജ്യസഭാ സീറ്റ് അവര്‍ക്ക് നല്‍കുന്നതിനെപ്പറ്റിയോ അഭിപ്രായം പറയാനില്ലെന്ന് എം സ്വരാജ് എംഎല്‍എ. കോണ്‍ഗ്രസുകാര്‍ തന്നെ ആവശ്യത്തിന് പ്രതികരിക്കുന്നുണ്ട്. ആ പ്രശ്നം അവര്‍ തന്നെ തീര്‍ക്കട്ടെ.

എന്നാല്‍ ലോക്സഭാംഗമായി ഒരു വര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കുമ്പോഴാണ് ശ്രീ.ജോസ് കെ മാണി മറ്റൊരു വാതിലിലൂടെ പാര്‍ലമെന്റില്‍ കയറുന്നത്. ഇതുമൂലം ഒരു വര്‍ഷം കോട്ടയം ലോക്സഭാ മണ്ഡലത്തിന് ജനപ്രതിനിധിയുണ്ടാവില്ല. 5 വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുത്ത ജനപ്രതിനിധി ഇപ്പോള്‍ ചെയ്യുന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്. ഇങ്ങനെ ഒരു വിചിത്രസംഭവം കേരളത്തിലിതിന് മുമ്പ് കേട്ടിട്ടില്ല. ഈ വഞ്ചനയ്ക്ക് മറുപടി പറഞ്ഞേ തീരൂ. യു ഡി എഫും, മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസും ഇതിന് മറുപടി പറയണം.

ശ്രീ. കെ.എം. മാണിയും , ജോസ് കെ മാണിയും മറുപടി പറയണം. ചെങ്ങന്നൂരിലെ കാറ്റ് 2019 ല്‍ കേരളമാകെ കൊടുങ്കാറ്റായി മാറുമെന്ന് തിരിച്ചറിയുന്ന പിതാവിന് മകന്റെയെങ്കിലും ഭാവി സുരക്ഷിതമാക്കണമെന്ന് ആഗ്രഹമുണ്ടാവും, ആ ആഗ്രഹത്തിന്റെ മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ട ഗതികേട് കോണ്‍ഗ്രസിനുമുണ്ടാവും. പക്ഷേ അതിന്റെ ഭാരം പേറേണ്ടവരല്ല കോട്ടയത്തെ ജനങ്ങള്‍.

ജനാധിപത്യത്തെ, ജന വിധിയെ ഇത്ര ഹീനമായി അപമാനിക്കാന്‍ പാടില്ല. ഇത് ജനാധിപത്യത്തിലെ കുറ്റകൃത്യമാണ്. ന്യായീകരിക്കാനാവാത്ത കുറ്റമാണെന്നും സ്വരാജ് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular