ഇഷ്ടതാരം മെസ്സി!!! എന്നാല്‍ ഇഷ്ട ടീം അര്‍ജന്റീനയല്ല; ലോകകപ്പിലെ ഇഷ്ട ടീമിനെ വെളിപ്പെടുത്തി ഗാംഗുലി

റഷ്യന്‍ ലോകകപ്പിനുള്ള തന്റെ ഇഷ്ട ടീമിനെ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എടികെയുടെ ഉടമയുമായ സൗരവ് ഗാംഗുലി. ബ്രസീലാണ് തന്റെ ഇഷ്ട ടീമെന്നാണ് ഗാംഗുലി പറയുന്നത്.

എന്നാല്‍ താന്‍ അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ കടുത്ത ആരാധകനാണ് എന്നും ഗാംഗുലി തുറന്ന് പറയുന്നു. മെസിക്ക് 2018 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് താന്‍ കരുതുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ മെസ്സിയുടെ കളിയ്ക്കായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിനിതുവരെ ഒരു ലോകകപ്പ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. മെസ്സിയെ സംബന്ധിച്ച് ഇത് നിര്‍ണായകമായ ലോകകപ്പായിരിക്കും’ ഗാംഗുലി വ്യക്തമാക്കി.

കൂടാതെ താന്‍ ലോകകപ്പ് കാണാനായി റഷ്യയിലേക്ക് പോകുമെന്നും ഗാംഗുലി പറഞ്ഞു. ബ്രസീലിന്റെയും അര്‍ജന്റീനയുടേയും ജര്‍മനിയുടേയും കളി കാണാന്‍ പോകുമെന്നു പറഞ്ഞ താരം ബ്രസീലാണ് തന്റെ ഇഷ്ട ടീമെന്നും പറഞ്ഞു.

അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ അണ്ടര്‍ 19 പ്രവേശനത്തിനേക്കുറിച്ചും താരം സംസാരിച്ചു.’ ഞാന്‍ അര്‍ജുന്‍ കളിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. എന്നിരുന്നാലും അവന്‍ മികച്ചരീതിയില്‍ കളിക്കുന്നുവെന്നറിഞ്ഞു. ഏറെ സന്തോഷമുണ്ട്.’ ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

SHARE