സ്വന്തം വീട്ടില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദ്ദനവും മാനസിക പീഡനങ്ങളും!!! കുറ്റകൃത്യം അമ്മയറിയാതെ നടക്കില്ലെന്ന് കരുതുന്നു; അച്ഛന്റെ ആരോപണം കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനെന്ന് നീനു…

കോട്ടയം: മാനസികപ്രശ്നമുണ്ടെന്ന അച്ഛന്‍ ചാക്കോയുടെ ആരോപണങ്ങള്‍ പാടെ തള്ളി കെവിന്റെ ഭാര്യ നീനു. കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനാണ് അച്ഛന്റെ ശ്രമം. കെവിന്റെ മാതാപിതാക്കള്‍ വേണ്ടെന്ന് പറയുന്നത് വരെ കെവിന്റെ വീട്ടില്‍ തന്നെ തുടരും. കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ലെന്നും നീനു വ്യക്തമാക്കി.

പണ്ട് തന്നെ കൗണ്‍സിലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് ചികില്‍സ വേണമെന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞതെന്നും നീനു പറഞ്ഞു. സ്വന്തം വീട്ടില്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനവും മാനസികപീഡനവും ആയിരുന്നു. വിറകുകൊള്ളിയും ചൂലും കൊണ്ട് അടിച്ചിട്ടുണ്ട്. അമ്മയറിയാതെ കുറ്റകൃത്യം നടക്കില്ലെന്ന് കരുതുന്നുവെന്നും നീനു കൂട്ടിച്ചേര്‍ത്തു.

കെവിനെ പരിചയപ്പെടുന്നതിന് വളരെ മുമ്പ് വീട്ടുകാരുടെ ശകാരവും ദേഹോപദ്രവും സഹിക്കാതായപ്പോള്‍ വീട്ടില്‍ വച്ചു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് നീനു കഴിഞ്ഞ ദിവസം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ‘തൊട്ടതിനും പിടിച്ചതിനുമെല്ലാം വീട്ടുകാര്‍ക്ക് എന്നോട് ദേഷ്യമായിരുന്നു. ഒന്ന് പൊട്ടിക്കരഞ്ഞാല്‍ എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചായിരിക്കും ദേഹോപദ്രവം. കരഞ്ഞില്ലേല്‍ എന്താടി നീ കരയാത്തത് എന്ന് ചോദിച്ചായിരിക്കും ശകാരം. സഹിക്കെട്ട് രണ്ട് തവണ ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ പരാജയപ്പെട്ടു” കോട്ടയത്തേക്ക് വരുന്നതിനും കെവിനെ പരിചയപ്പെടുന്നതിനും വളരെ മുമ്പാണ് ശകാരവും ദേഹോപദ്രവും സഹിക്കാതായപ്പോള്‍ വീട്ടില്‍ വച്ചു നീനു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

എന്നാല്‍ ആപത്തൊന്നും സംഭവിച്ചില്ല. കൈയിലെ മുറിവ് കണ്ട് നാട്ടുകാരും കൂട്ടുകാരും കാര്യം തിരക്കിയെങ്കിലും വീട്ടിലെ ആടിന് പുല്ല് ചെത്തുന്നതിനിടയില്‍ മുറിഞ്ഞതാണെന്ന് എല്ലാവരോടും പറഞ്ഞു. രണ്ടാമത്തെ ആത്മഹത്യാശ്രമവും കൈ മുറിച്ചായിരുന്നു. പക്ഷെ അതും പരാജയപ്പെട്ടു.

കൊല്ലത്തെ നീനുവിന്റെ വീട്ടില്‍ എപ്പോഴും ഒന്നും രണ്ടും പറഞ്ഞ് ബഹളമായിരുന്നു. വീട്ടിലെ വഴക്ക് കേട്ട് അയല്‍പക്കത്തെ വീടുകളില്‍ നിന്ന് ആളുകള്‍ വന്ന് നോക്കാറുണ്ടെന്നും, നാണക്കേട് കാരണം വീടിന്റെ പുറത്തിറങ്ങാന്‍ പോലും മടിയായിരുന്നുവെന്നും നീനു പറഞ്ഞു. വീട്ടില്‍ സമാധാനം തരുന്നില്ലെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നും പറഞ്ഞ് ഭര്‍ത്താവ് ചാക്കോയ്ക്കും, മക്കള്‍ക്കും എതിരെ രഹ്ന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒടുവില്‍ ഭര്‍ത്താവുമായി ഒത്തുതീര്‍പ്പായതോടെ പിന്നീട് കേസ് പിന്‍വലിക്കുകയായിരുന്നു.

അച്ഛന്റെ വീട്ടുകാരുമായി അടുക്കാന്‍ അമ്മ രഹ്ന ഒരിക്കലും അനുവദിച്ചിരുന്നില്ല. ഫോണില്‍ സംസാരിച്ചാല്‍ പോലും ശകാരം ഉറപ്പായിരുന്നു. ആറ് വര്‍ഷത്തോളം വിദേശത്തായിരുന്ന സഹോദരന്‍ ഷാനുവുമായും മാനസികമായി നീനുവിന് ഒരു അടുപ്പവും ഉണ്ടായിരുന്നില്ല. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ മാത്രം സംസാരിക്കുമെന്നല്ലാതെ ഫോണ്‍ വിളിച്ച് പോലും നീനുവിന്റെ കാര്യങ്ങള്‍ തിരക്കിയിരുന്നില്ല.

വീട്ടിലെ സാഹചര്യം വഷളായതോടെയാണ് ജിയോളജി പഠിക്കാന്‍ നീനു കോട്ടയത്തെത്തിയത്. ഹോസ്റ്റലിലേക്ക് മാറിയതോടെ ജീവിതത്തില്‍ തന്നെ ഒരു മാറ്റമുണ്ടായി. വല്ലപ്പോഴും ഫോണ്‍ വിളിച്ചാല്‍ പോലും അമ്മ ദേഷ്യപ്പെട്ടേ സംസാരിക്കു. അച്ഛന്‍ ചാക്കോ പേരിന് പോലും വിളിക്കാറില്ലായിരുന്നു. വല്ലപ്പോഴും ക്ലാസില്ലാത്ത ദിവസങ്ങളില്‍ വീട്ടിലെത്തിയാല്‍ അന്നും സമാധാനം തരില്ലായിരുന്നു. എന്നാല്‍ സഹോദരന്‍ ഷാനുവുമായി അച്ഛന്‍ നല്ല അടുപ്പത്തിലായിരുന്നു. പരസ്പരം എല്ലാ കാര്യങ്ങളും പങ്ക് വയ്ക്കുമായിരുന്നു. അതിന്റെ നൂറിലൊരംശം സ്നേഹം എന്നോട് കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്.

ഞാന്‍ ജീവിക്കാന്‍ തുടങ്ങിയത് കെവിനെ കണ്ടുമുട്ടിയതോടെയാണ്. വീട്ടില്‍ എന്തൊക്കെ പ്രശ്നമുണ്ടായാലും ഇനി ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് ഞാന്‍ കെവിന് വാക്ക് കൊടുത്തിരുന്നു. വീട്ടില്‍ എന്ത് പ്രശ്നമുണ്ടായാലും അത് തന്നോട് തീര്‍ത്തോളൂ എന്നായിരുന്നു കെവിന്‍ പറഞ്ഞിരുന്നത്. അങ്ങനെ കെവിനുമായി ഞാന്‍ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു അത് സംഭവിച്ചത്. അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് മറ്റൊരാളുടെ കൂടെപ്പോയ പെണ്‍കുട്ടി എന്നു പറഞ്ഞ് എന്നെ കുറ്റപ്പെടുത്തുന്നവരുണ്ടാകാം.

എന്നാല്‍ കെവിനൊപ്പം ഇറങ്ങിത്തിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് വീട്ടിലെ സാഹചര്യമാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ ആരും അറിയുന്നില്ല. ഓരോരുത്തരും വളര്‍ന്ന സാഹചര്യമാണ് അവരെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നത്. ആ വീട്ടില്‍ ഞാന്‍ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയാവൂ. പറയാന്‍ പാടില്ല. എങ്കിലും പറയാതെ വയ്യ. സ്നേഹം തന്നില്ലെങ്കിലും സമാധാനം മാത്രമേ വീട്ടില്‍ നിന്ന് ആഗ്രഹിച്ചിട്ടുള്ളൂ. പക്ഷെ ഒരിക്കല്‍ പോലും അത് കിട്ടിയിട്ടില്ല. അവര്‍ എന്നെ തരുമ്പെങ്കിലും സ്നേഹിച്ചിരുന്നെങ്കില്‍, എന്റെ നന്മ ആഗ്രഹിച്ചിരുന്നെങ്കില്‍ കെവിന്‍ ചേട്ടനോട് ഈ ക്രൂരത കാണിക്കില്ലായിരുന്നു. ഞാന്‍ ഇന്നും ആ വീട്ടില്‍ കാണുമായിരുന്നുവെന്ന് നീനു പറഞ്ഞു.

SHARE