മമ്മൂട്ടി സി.പി.ഐ.എം രാജ്യസഭാ സ്ഥാനാര്‍ഥി? വെള്ളിയാഴ്ച സ്ഥാനാര്‍ഥി നിര്‍ണയം

തിരുവനന്തപുരം: സി.പി.ഐയുടെ രാജ്യസഭ സ്ഥാനാര്‍ഥിയായി ദേശീയ സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയുമായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തതിന് പിന്നാലെ സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം ചൂടുപിടിക്കുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ നടന്‍ മമ്മൂട്ടിയം പരിഗണനയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം. കെ.ടി.ഡി.സി. മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരും ആലോചനയിലുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി.ജെ.പിയുടെ സുരേഷ് ഗോപിയിലും മുന്തിയ താരത്തിളക്കമെന്ന സ്ഥാനമാണു മമ്മൂട്ടിക്കു മുന്‍തൂക്കം നല്‍കുന്നത്. രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമാണു സുരേഷ് ഗോപി. പാര്‍ലമെന്റില്‍ സിപിഐഎമ്മിന്റെ അംഗബലം പരിമിതമായ നിലയ്ക്ക് രാജ്യസഭയിലേക്കു സജീവ രാഷ്ട്രീയക്കാര്‍ മതിയെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ മാത്രമേ മമ്മൂട്ടിയുടെ സാധ്യത അടയുകയുള്ളൂ.

സിപിഐഎം സഹയാത്രികനായ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം നേതൃത്വവുമായും അടുത്ത ബന്ധമാണുള്ളത്. സിപിഐഎമ്മിന്റെ ടിവി ചാനലായ കൈരളിയുടെ മാതൃകമ്പനിയായ മലയാളം കമ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനുമാണ്. ഡിവൈഎഫ്ഐയുടെയും മറ്റും വേദികളിലെത്തി രാഷ്ട്രീയ ആഭിമുഖ്യം പരസ്യമാക്കിയിട്ടുമുണ്ട്.

ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണു ബിനോയ് വിശ്വത്തെ സി.പി.ഐ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റെ പ്രധാന പരിഗണനാ വിഷയം രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയമായിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ ബിനോയ് വിശ്വത്തെയാണു നിര്‍ദേശിച്ചത്.

കേരളത്തില്‍ നിന്നുള്ള മൂന്നു രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് അവസാനിക്കുന്നത്. തെരഞ്ഞെടുപ്പില്‍ രണ്ടെണ്ണത്തില്‍ വിജയം നേടാനുള്ള അംഗബലം നിയമസഭയില്‍ എല്‍ഡിഎഫിനുണ്ട്. അവ സിപിഐഎമ്മും സിപിഐയും പങ്കിടും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം തര്‍ക്കത്തിലാണ്. 21 നാണു തെരഞ്ഞെടുപ്പ്.

Similar Articles

Comments

Advertismentspot_img

Most Popular