വാര്‍ത്തകള്‍ മുക്കല്ലേ…, മനോരമയ്ക്ക് ഡിവൈഎഫ്‌ഐ കത്തയച്ചു

തിരുവനന്തപുരം: സംഘടനയുടെ വാര്‍ത്തകളും പരിപാടികളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മലയാള മനോരമ പത്രാധിപര്‍ക്ക് ഡി.വൈ.എഫ്.ഐയുടെ കത്ത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജാണ് മനോരമ മുഖ്യപത്രാധിപര്‍ മാമ്മന്‍ മാത്യുവിന് കത്തയച്ചത്. വലിയ പ്രചാരണത്തോടെയും മറ്റും നടത്തുന്ന പരിപാടികള്‍ പോലും മനോരമയില്‍ പ്രസിദ്ധീകരിച്ച് കാണാറില്ലെന്നും സംഘടനയുടെ വാര്‍ത്തകള്‍ തമസ്‌കരിക്കുകയാണോയെന്നും പരാതിപ്പെട്ടുകൊണ്ടുളളതാണ് സ്വരാജിന്റെ കത്ത്. ഡി.വൈ.എഫ്.ഐ പരിപാടികള്‍ക്കും മറ്റും മനോരമ ലേഖകര്‍ നേരിട്ട് കവര്‍ ചെയ്യാറില്ലെന്നും സ്വരാജ് പത്രാധിപരോട് കത്തില്‍ പരാതിപ്പെടുന്നുണ്ട്. ഈ മാസം 11ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ‘നൈറ്റ് അസംബ്ലി’ എന്ന പരിപാടിക്ക് മുന്നോടിയായിട്ടായിരുന്നു കത്ത്. മനോരമ പത്രാധിപര്‍ക്ക് കത്തയച്ച വിവരം സംഘടനാ നേതൃത്വം ഇന്ത്യാവിഷനോട് സ്ഥിരീകരിച്ചു. വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുന്നുവെന്ന വിവരം ചുണ്ടിക്കാണിക്കാനാണ് സെക്രട്ടറി നേരിട്ട് പത്രാധിപരോട് നേരിട്ട് പരാതിപ്പെട്ടതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷ് എം.എല്‍.എ ഇന്ത്യാവിഷനോട് പറഞ്ഞു. എന്തായാലും സ്വരാജിന്റെ പരാതി ഫലം കാണുന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നടന്ന മനോരമയുടെ പത്രാധിപ സമിതി യോഗത്തില്‍ മാമ്മന്‍ മാത്യു തന്നെ പരാതി ലഭിച്ച വിവരം സഹപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഡി.വൈ.എഫ്.ഐയുടെ വാര്‍ത്തകള്‍ നന്നായി പരിഗണിക്കണമെന്നും പരാതിയ്ക്കിടയാക്കാത്ത വിധം പ്രസിദ്ധീകരിക്കണമെന്നും മാമ്മന്‍ മാത്യു നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് നൈറ്റ് അസംബ്ലി പരിപാടിയ്ക്ക് മനോരമ നല്ല പരിഗണന നല്‍കിയെന്നുമാണ് ഡിഫി നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍ മാധ്യമ വിമര്‍ശനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന എം.സ്വരാജ്, വാര്‍ത്തകള്‍ക്ക് മികച്ച പരിഗണന തേടി മനോരമ പത്രാധിപര്‍ക്ക് കത്തയച്ചത് കൗതുകകരമായി. ഇടത് പക്ഷ പുരോഗമന സംഘടനകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബൂര്‍ഷ്വാ വലതുപക്ഷ മാധ്യമങ്ങളുടെ ഒന്നാംസ്ഥാനക്കാരായി ഡി.വൈ.എഫ്.ഐ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനമാണ് മലയാള മനോരമ. സംഘടനാ നേതാവിനെ പരോക്ഷമായി പരാമര്‍ശിക്കുന്ന വാര്‍ത്തയുടെ പേരില്‍ മാതൃഭൂമിയെ പിതൃശൂന്യ പത്രപ്രവര്‍ത്തനം എന്ന് വിമര്‍ശിച്ച നേതാവാണ് സ്വരാജ്. അതേ സ്വരാജ് തന്നെയാണ് പാര്‍ട്ടി ഒരിക്കല്‍ അടിവേര് തേടിപ്പോയ ‘വിഷവൃക്ഷത്തിന്റെ’ തലപ്പത്ത് പരാതിയുമായി പോയത്. എന്നാല്‍ സി.പി.ഐ.എം നേതാക്കന്മാരുടെ വഴിയെതന്നെയാണ് സ്വരാജുമെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നാണ് ചില നേതക്കള്‍ ചൂണ്ടിക്കാട്ടുന്നു. മനോരമയെ പരസ്യമായി വിമര്‍ശിക്കുകയും രഹസ്യമായി അവരുമായി സന്ധി ചെയ്യുന്ന നേതാക്കന്മാരാകാം സ്വരാജിന് ഈ ബുദ്ധി ഉപദേശിച്ചെതെന്നാണ് അവരുടെ പരിഹാസം.

SHARE